തിരുവനന്തപുരം: കോൺഗ്രസിലേക്കെത്തിയ പാറശാല അമ്പൂരി സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും സി.ഐ.ടി.യു മേഖലാ സെക്രട്ടറിയുമായ കണ്ണന്നൂർ ബിനു,ഡി.വൈ.എഫ്.ഐ തേമ്പാമൂട് മേഖലാ സെക്രട്ടറിയും പാർട്ടി ലോക്കൽകമ്മിറ്റി അംഗവുമായ സുജിത് നാഗരുകുഴി,ബി.ജെ.പി പ്രാദേശിക നേതാവായ ശ്രീലാൽ എന്നിവർക്ക് ഡി.സി.സി ഓഫീസിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി മൂന്നുപേരെയും ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സി.പി.എമ്മിന്റെ ജാതി വിവേചനത്തിൽ മനംമടുത്താണ് കോൺഗ്രസിൽ ചേർന്നതെന്ന് കണ്ണന്നൂർ ബിനു പറഞ്ഞു. ഭരണത്തുടർച്ച സി.പി.എമ്മിനെ അഹങ്കാരികളുടെ പാർട്ടിയാക്കിയതായും,ജാതിയും വിഭാഗീയതയുമാണ് പാർട്ടിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികളിൽ നിന്നും കൂടുതൽ പേർ കോൺഗ്രസിൽ ചേരുമെന്നും അവർ വ്യക്തമാക്കി. നെയ്യാറ്റിൻകര സനൽ,ചെമ്പഴന്തി അനിൽ,ഷാനവാസ് ആനക്കുഴി,സുധീർഷാ പാലോട്,പി.എ.എബ്രഹാം,മാരായമുട്ടം സുരേഷ്,വിനോദ്‌സെൻ, അഡ്വ.എസ്.ഗിരീഷ്‌കുമാർ,ജി.പുരുഷോത്തമൻ നായർ,ബിനു എസ്.നായർ,അഡ്വ.ഷെരീഫ് എന്നിവർ പങ്കെടുത്തു.