തിരുവനന്തപുരം : നഗരത്തിൽ സ്ഥിരതാമസമായവരും സമൂഹത്തിന് വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകിയവരുമായ മുതിർന്ന വ്യക്തിത്വങ്ങളെ നഗര രത്ന അവാർഡ് നൽകി നഗരസഭ ആദരിക്കുന്നു. പൊതുപ്രവർത്തനം,സാഹിത്യം,സിനിമ,ആരോഗ്യം,പത്രപ്രവർത്തനം,സംഗീതം,പരിസ്ഥിതി,കായികം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
നഗരവാസികൾക്ക് അവാർഡിന് പരിഗണിക്കേണ്ടവരെ നാമനിർദ്ദേശം ചെയ്യാം. ഒരാൾക്ക് ഒരു മേഖലയിൽ നിന്ന് ഒരാളെ നിർദ്ദേശിക്കാം. 22നകം നാമനിർദ്ദേശം ചെയർമാൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി,തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഫ.വി.കാർത്തികേയൻ നായർ ചെയർമാനും പ്രൊഫ.എ.ജി.ഒലീന,വയോജന വാർത്ത എഡിറ്റർ എം.വിജയകുമാരൻ പൂജപ്പുര എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.