tvm

 രാജ്യത്തെ അഞ്ച് പ്രധാന ആശുപത്രികളിൽ മെഡിക്കൽ കോളേജും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഒഫ് എക്സലൻസായി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് ഐ.സി.എം.ആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും 2 കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്തെത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഒഫ് എക്സലൻസായി അടുത്തിടെ കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു.

717 കോടിയുടെ വികസനം

പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തിങ്ങിഞെരുങ്ങിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് എമർജൻസി വിഭാഗം ആരംഭിച്ചത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും പൂർത്തിയാക്കി.194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബുൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.