
ഉദിയൻകുളങ്ങര: പാറശാല പരിസരപ്രദേശങ്ങളിൽ നടപ്പാതകൾ കീഴടക്കി മത്സരിച്ച് ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. പാറശാല ജംഗ്ഷനിൽ അനധികൃത ഫ്ലെക്‌സ് ബോർഡ് വയ്ക്കാൻ 2000 രൂപ വരെ വാടക വാങ്ങുന്നതായും സൂചനകളുണ്ട്. ദേശീയപാതയിലും പൊതുനിരത്തുകളിലും സഞ്ചാരയോഗ്യമല്ലാത്ത തരത്തിൽ ഫ്ലെക്സ് ബോർഡുകളോ മറ്റ് പരസ്യങ്ങളോ സ്ഥാപിക്കരുതെന്ന കോടതി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് പാറശാല ജംഗ്ഷനിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാർക്കും പരിസ്ഥിതിക്കും ഭീഷണിയായുളള ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടും നാളിതുവരെ നടപടിയായില്ല. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യാത്രാ ക്ലേശം
സർക്കാർ ഓഫീസുകൾ, സ്കൂളുകളും കോളേജുകൾ, പാറശ്ശാല ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രി, സ്വകാര്യ ആശുപത്രികൾ, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്,ട്രഷറി,ഗ്രാമീണ കോടതി, പൊലീസ് സ്റ്റേഷൻ,മൃഗാശുപത്രി,റെയിൽവേ സ്റ്റേഷൻ സർക്കാർ ബാങ്കുകളടക്കമുള്ള ഒട്ടനവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെയാണ് ഈ ദുർവിധി.
അപകടസാദ്ധ്യതകളേറെ
പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് വെള്ളറടയിലേക്ക് പോകുന്ന റോഡിൽ നടക്കാൻ പോലും കഴിയാത്ത രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുളളത്. ഇതുമൂലം റോഡിൽ കയറി നടക്കുമ്പോൾ അപകടസാദ്ധ്യത വർദ്ധിക്കുന്നു. ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾ റോഡിലെ ദിശാസൂചികാ ബോർഡും മറയ്ക്കുന്നു. സൂചനാബോർഡുകളും ഫ്ലെക്‌സ് ബോർഡുകളാൽ മറഞ്ഞ നിലയിലാണ്.
ബോർഡുകൾ നിശ്ചിത ദിവസം പ്രദർശിപ്പിക്കാൻ ചില പ്രിന്റിംഗ് സ്ഥാപനങ്ങൾ വാടക വരെ വാങ്ങുന്നതായും പരാതിയുണ്ട്. 150 ചതുരശ്രയടി ബോർഡിന് 15 ദിവസത്തേക്ക് 2000 രൂപ വരെയാണ് നിരക്ക്. പൊതുസ്ഥലം കൈയേറി ബോർഡുകൾ സ്ഥാപിച്ച് വാടക നൽകുന്നത് പഞ്ചായത്ത് അധികൃതർ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്ന ഫ്ലെക്സ് ബോർഡുകൾ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം
താര.എസ്
പാറശ്ശാല പഞ്ചായത്ത് കീഴേതോട്ടം വാർഡ് മെമ്പർ