തിരുവനന്തപുരം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ വായ്പ എടുക്കാത്തവർക്കും വായ്പ തിരിച്ചടച്ചവർക്കും നോട്ടീസ്. ഇതോടെ ഇടപാടുകാർ നെട്ടോട്ടത്തിലായി. കമ്പ്യൂട്ടർ സംവിധാനമില്ലാത്ത ബാങ്കിലെ കണക്കുകൾ ബുക്കുകളിലാണ് രേഖപ്പെടുത്തിയിരുന്നത്. നിലവിൽ വായ്പ തിരിച്ചടച്ചവരുടെ രേഖകൾ ബാങ്കിലില്ലാതായതോടെയാണ് നോട്ടീസ് ലഭിക്കാനിടയാക്കിയത്. ബാങ്കിന്റെ ചട്ടം 65 അനുസരിച്ചുള്ള അന്വേഷണത്തെ തുടർന്ന് ഉദ്യോഗസ്ഥർ ബാങ്ക് രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇടപാടുകാർക്കെല്ലാം നോട്ടീസ് അയച്ചത്. വായ്പ എടുത്തവർക്കാണ് ഉദ്യോഗസ്ഥർ കത്തയയ്ക്കുന്നത്.എന്നാൽ ബാങ്കുമായി ഇടപാടുകൾ നടത്താത്തവരുടെ പേരിൽപ്പോലും ലോണെടുത്തതായി തട്ടിപ്പുകാർ രേഖകൾ ചമച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നു. ലോൺ പൂർണമായടച്ച് തീർത്തവർക്കും കത്ത് അയയ്ക്കുന്നുണ്ടെന്നും ആക്ഷേപമുള്ളവർ പ്രസ് ക്ലബിനടുത്തെ ഊറ്റുകുഴിയിലുള്ള അസി.രജിസ്ട്രാർ ഓഫീസിലെത്തി വിശദീകരണം നൽകാനും അന്വേഷണ ഉദ്യോഗസ്ഥനായ പ്രവീൺ ആർ.എസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ സമയം 15ന് അവസാനിക്കും
നേമം സർവീസ് സഹകരണ ബാങ്കിലെ അന്വേഷണ സമയപരിധി 15ന് അവസാനിക്കും. അനുവദിച്ച സമയ പരിധിക്കുള്ളിൽ അന്വേഷണം തീരില്ലെന്നും അതിനാൽ 15ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അന്വേഷണം ത്വരിതപ്പെടുത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇപ്പോൾ ഏഴ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.