1

നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. 30,31,1 തീയതികളിൽ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി വനിതാ പൊലീസ് ഉൾപ്പെടെ ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.എക്സൈസ് ഫയർഫോഴ്സ് എന്നിവരുടെ സേവനവും ഉറപ്പാക്കും. പെരുങ്കടവിള ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യവുമൊരുക്കും. പൊതുമരാമത്ത് വകുപ്പ് റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കും. പെരുങ്കടവിള പഞ്ചായത്തും നെയ്യാറ്റിൻകര നഗരസഭയും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി റവന്യൂവകുപ്പിന്റെ കൺട്രോൾറൂം ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കേരള ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ വഴിയായിരിക്കും അന്നേ ദിവസങ്ങളിൽ പ്രവർത്തിക്കുക. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ കെ.ആൻസലൻ എം.എൽ.എ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി,നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.