തിരുവനന്തപുരം: വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ ക്യാമ്പെയിൻ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു. മുതിർന്ന പൗരന്മാർക്കായുള്ള സംസ്ഥാന നയപരിഷ്കരണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുതിർന്ന പൗരന്മാരുടെ കഴിവുകളും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താനാവുന്ന സ്‌കിൽ ബാങ്ക് രൂപീകരിക്കാൻ സാമൂഹ്യനീതിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ അഭിരുചിയും പ്രവർത്തനസാദ്ധ്യതകളും അനുഭവസമ്പത്തും രേഖപ്പെടുത്തുന്നതിന് ആപ്ലിക്കേഷൻ വികസിപ്പിക്കും. കിടപ്പുരോഗികൾക്കായി പ്രത്യേക പരിചരണം ലഭിക്കുംവിധമുള്ള പദ്ധതിയും തയ്യാറാക്കിവരികയാണ്. മറവിരോഗങ്ങളുമായി ബന്ധപ്പെട്ട് മെമ്മറി ക്ലിനിക്കുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സഹായവും മരുന്നുകളും ലഭ്യമാക്കാനാവുന്ന ഓർമ്മത്തോണി പദ്ധതിക്കായുള്ള പരിശീലനവും പൂർത്തിയായി. മനുഷ്യരുടെ കർമ്മശേഷി അവസാനിക്കുന്ന കാലത്ത് നിരുപാധികം വലിച്ചെറിയുന്ന പ്രവണത ശക്തമാവുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പ്രഥമ പരിഗണന നൽകേണ്ട വിഭാഗമായ വയോജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സമഗ്രമായി പരിശോധിക്കുന്ന നയരേഖ തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,സി.എം.ഡി ചെയർമാൻ എസ്.എം.വിജയാനന്ദ്, സാമൂഹ്യനീതിവകുപ്പ് ഡയറക്ടർ പ്രിയങ്ക.ജി, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.