തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെ മർദ്ദിച്ച സംഭവത്തിൽ കോളേജ് അച്ചടക്ക കമ്മിറ്റി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് പ്രൻസിപ്പലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിൽ കോളേജ് യൂണിയനോ അതിലെ ഭാരവാഹികൾക്കോ ബന്ധമില്ലെന്നാണ് പരാമർശം.കോളേജ് യൂണിയനു വേണ്ടി പ്രവർത്തിക്കാത്തതിന് അനസിനെ എസ്.എഫ്.ഐക്കാർ സംഘം ചേർന്ന് മർദ്ദിച്ചെന്നായിരുന്നു ആരോപണം. എന്നാൽ അച്ചടക്കസമിതിയുടെ അന്വേഷണത്തിൽ അത്തരത്തിലൊരു വിഷയം കണ്ടെത്താൻ സാധിച്ചില്ല. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കും കൊടിതോരണങ്ങൾ കെട്ടാൻ വിസമ്മതിച്ചതിന്റെയും പേരിൽ മർദ്ദിച്ചുവെന്നാണ് അനസിന്റെ പരാതി.

എന്നാൽ അന്നേദിവസം യാതൊരുവിധ യൂണിയൻ പ്രവർത്തനങ്ങളും കോളേജിൽ നടന്നിട്ടില്ല.അതു നടത്താനുള്ള അനുമതി കോളേജ് കൊടുത്തിട്ടില്ല. സംഭവം നടന്ന അന്ന് കോളേജിൽ യൂണിവേഴ്സിറ്റി എക്സാം നടക്കുന്ന ദിവസമായിരുന്നു. അതുകൊണ്ട് കോളേജ് യൂണിയന് കേസുമായി ഒരു ബന്ധവുമില്ല.മറ്റ് വല്ല സംഭവമാണെങ്കിൽ അതിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. നേരത്തെ കോളേജ് യൂണിയന് ഇതിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് യൂണിയന്റെ സ്റ്റാഫ് അഡ്വൈസറായ ഡോ.അഖിൽ.സി.കെ അനസ് പറഞ്ഞതിനെതിരെ വീഡിയോ സന്ദേശവുമായി രംഗത്തുവന്നിരുന്നു.

ലഭിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും. കോളേജ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറും സംഭവം അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടിനാണ് അനസിന് മർദ്ദനമേറ്റത്.സംഭവത്തിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്,സെക്രട്ടറി വിധു ഉദയ,യൂണിറ്റ് അംഗങ്ങളായ മിഥുൻ,അലൻ ജമാൽ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരം എട്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മുൻകൂ‌ർ ജാമ്യാപേക്ഷ നൽകിയതിനാൽ പ്രതിപ്പട്ടികയിലുള്ള വിദ്യാർത്ഥികളുടെ അറസ്റ്റ് തത്കാലം നടക്കില്ല.

അന്വേഷണ റിപ്പോർട്ട് ലഭിച്ചു.റിപ്പോർട്ട് പരിശോധിച്ചില്ല.അത് പരിശോധിച്ച് തുടർനടപടിയെടുക്കും.

സന്തോഷ് കുമാർ,കോളേജ് പ്രിൻസിപ്പൽ