manoj

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി മനോജ് എബ്രഹാമിന്, ഏപ്രിലിൽ ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ വിരമിക്കുമ്പോൾ ഡി.ജി.പി റാങ്ക് ലഭിക്കും. 2031ജൂൺ വരെ കാലാവധിയുള്ള മനോജ് എബ്രഹാമിന് പൊലീസ് മേധാവി സ്ഥാനം ലഭിക്കാനും സാദ്ധ്യതയേറെയാണ്.

ഡിജിപി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി ഡിസംബറിൽ വിരമിക്കുന്നുണ്ടെങ്കിലും ആർക്കും സ്ഥാനക്കയറ്റം കിട്ടില്ല. ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രം മടക്കി അയച്ച നിതിൻ അഗർവാളിനെ റോഡ് സുരക്ഷാ കമ്മിഷണറാക്കിയിരിക്കുകയാണ്. നിതിൻ തിരിച്ചെത്തും മുൻപേ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് ഡിജിപി റാങ്ക് നൽകിയിരുന്നു. ഇവ ക്രമവത്കരിക്കുന്നതിനാൽ ജനുവരിയിൽ ആർക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റമില്ല.

ജൂണിൽ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി കഴിയുമ്പോൾ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എസ്.പി.ജിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഫെബ്രുവരിയിൽ സുരേഷ് രാജ് പുരോഹിത് കേരളാ കേഡറിലേക്ക് തിരിച്ചെത്തുന്നുണ്ട്. അതോടെ ജൂലായിൽ സുരേഷിന് ഡിജിപി റാങ്ക് കിട്ടും. നിതിൻ അഗർവാൾ 2026ൽ വിരമിക്കും വരെ അജിത്തിന് കാത്തിരിക്കേണ്ടി വരും.

23വർഷം സർവീസ് പൂർത്തിയാക്കിയ ഐ.ജിമാരില്ലാത്തതിനാൽ ജനുവരിയിൽ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ആർക്കുമില്ല. ഡി.ഐ.ജിമാരായ രാജ്പാൽ മീണ, ജെ.ജയ്‌നാഥ് എന്നിവർ ഐ.ജിമാരാവും. ഇരുവർക്കും 18 വർഷം സർവീസ് പൂർത്തിയായിട്ടുണ്ട്. എസ്.പിമാരായ യതീഷ് ചന്ദ്ര, ഹരിശങ്കർ, കെ.കാർത്തിക്, ടി.നാരായണൻ എന്നിവർ ഡി.ഐ.ജിമാരാവും. വിജിലൻസ് കേസോ വകുപ്പുതല നടപടിയോ നേരിടുന്നവരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല. ചീഫ്സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡി.ജി.പി, വിജിലൻസ് മേധാവി എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനക്കയറ്റങ്ങൾക്ക് ക്ലിയറൻസ് നൽകി.