ശംഖുംമുഖം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പത്ത് ദിവസം നീണ്ടുനിന്ന ബീമാപള്ളി ഉറൂസിന് കൊടിയിറങ്ങി.ഉറൂസ് മഹാമഹത്തിന് വെള്ളിയാഴ്ച പുലർച്ചെ നടന്ന അന്നദാനത്തോടെയാണ് സമാപനമായത്. വ്യാഴാഴ്ച രാത്രി അൽഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ നടന്ന മതപ്രഭാഷണത്തിനു ശേഷം വെള്ളിയാഴ്ച പുലർച്ചെ 1ഓടെ ബീമാപള്ളി ഇമാം സബീർ സഖാഫിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം തക്ബീർ ധ്വനികളുമായി പട്ടണപ്രദക്ഷിണം നടന്നു. ജോനക പൂന്തുറ,മാണിക്യവിളാകം,നൂറൽഇസ്ളാം അറബിക് കോളേജ് ജംഗ്ഷൻ,പത്തേക്കർ വഴി സഞ്ചരിച്ച് പുലർച്ചെ പള്ളിയങ്കണത്തിലെത്തി. സെയ്യദ് അബ്ദു റഹമാൻ മുത്തുകോയ തങ്ങൾ അൽബുഹാരിയുടെ നേതൃത്വത്തിൽ നടന്ന കൂട്ട പ്രാർത്ഥനയ്ക്കു ശേഷമാണ് ഉറൂസിന് കൊടിയിറങ്ങിയത്.

ഉറൂസിന്റെ സമാപനവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജില്ലയുടെ വിവിധ ഡിപ്പോകളിൽ നിന്നും ബീമാപള്ളിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജീവകാരുണ്യ ധനസഹായ വിതരണങ്ങളും നടന്നു.