
നെടുമങ്ങാട്: അദാലത്തിൽ വിവിധ വകുപ്പുകളിലായി 2601 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 1,226 അപേക്ഷകൾ തീർപ്പാക്കി. അദാലത്ത് വേദിയിൽ ഒരുക്കിയ കൗണ്ടറുകളിൽ പുതിയതായി 1,201 അപേക്ഷകൾ ലഭിച്ചു. 473 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് പോർട്ടൽ മുഖേനെയും നേരിട്ടുമായി 624 അപേക്ഷകളാണ് ലഭിച്ചത്. താലൂക്കിൽ അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 329 അന്ത്യോദയാ അന്നയോജന കാർഡുകളും 141 പി.എച്ച്.എച്ച് കാർഡുകളുമാണ് വിതരണം ചെയ്തത്. മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും പരാതികൾ ക്ഷമയോടെ കേൾക്കുകയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രശ്നപരിഹാരം നിർദ്ദേശിക്കുകയുമായിരുന്നു.സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചതെന്നും അപേക്ഷകളിൽ പൂർണ നടപടി സ്വീകരിച്ചതായും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ആശ്വാസത്തുരുത്തിൽ മഞ്ജുവും ലതയും
അരുവിക്കര മുളയറ സ്വദേശി മഞ്ജുവിനും ആനാട് ഈന്തിക്കുന്ന് വട്ടറത്തല സ്വദേശി ലതാകുമാരിക്കും കരുതലും കൈത്താങ്ങും അക്ഷരാർത്ഥത്തിൽ കരുത്തായി മാറിയ ദിനമായിരുന്നു ഇന്നലെ,മൂന്നുമാസം മുൻപ് തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റാണ് അമ്മ സുശീലയെ മഞ്ജുവിന് നഷ്ടപ്പെട്ടത്.വിധവയായ മഞ്ജുവിനും കുട്ടികൾക്കും ഏകാശ്രയമായിരുന്നു അമ്മ.സമാശ്വാസ തുക ലഭിക്കാനുള്ള തടസങ്ങൾ വിവരിച്ച് അദാലത്തിലെത്തിയ മഞ്ജുവിന് മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലാളിയുടെ അവകാശിക്ക് എക്സ്‌ഗ്രേഷ്യ തുകയായ 75,000 രൂപ മന്ത്രിമാരായ ജി. ആർ.അനിലും വി.ശിവൻകുട്ടിയും അനുവദിച്ചു. ഉത്തരവ് മഞ്ജു കൈപ്പറ്റി.ആംആദ്മി ബീമായോജന പദ്ധതി പ്രകാരമുള്ള സഹായതുക അരുവിക്കര ഗ്രാമപഞ്ചായത്തും നൽകും.അവകാശസാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് എക്സ്ഗ്രേഷ്യ തുക മഞ്ജുവിന് ലഭിക്കും.കോഴിവളർത്തൽ ഉപജീവന മാർഗമാക്കിയ ലതാകുമാരിയുടെ ഫാമിലെ ഷെഡുകൾക്ക് മീതെ കഴിഞ്ഞ ജൂലായിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആയിരത്തോളം കോഴികൾ ചത്തത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.2200 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ സിമന്റ് തൂണുകളിൽ ഉറപ്പിച്ച ഷീറ്റുമേഞ്ഞ ഫാമിന്റെ തകർച്ചയിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.ബാങ്ക് വായ്പയെടുത്ത് 2001 മുതൽ ഫാം നടത്തുന്ന ലത കടക്കെണിയിലും ജപ്തിയുടെ നടുവിലുമാണ്.മാനസികാസ്വാസ്ഥ്യമുള്ള 85കാരിയായ അമ്മയെ പരിചരിക്കുന്നത് ലതയാണ്.എസ്.എൻ.ഡി.പി യോഗം യൂണിയൻ വനിതാസംഘം പ്രസിഡന്റാണ്.മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള 50,000 രൂപയുടെ സഹായം മന്ത്രി ജി.ആർ.അനിൽ കൈമാറി.