soju

തിരുവനന്തപുരം: അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പറുകാരിൽ നിന്ന് ഗുണ്ടാപ്പിരിവ് നടത്തിയ കുപ്രസിദ്ധ കുറ്റവാളി 'അമ്മയ്ക്കൊരു മകൻ" സോജുവും കൂട്ടാളി കുട്ടനും അറസ്റ്റിൽ. ജെറ്റ് സന്തോഷ് എന്നറിയപ്പെട്ടിരുന്ന സന്തോഷ് കുമാറിനെ വധിച്ച കേസിൽ പ്രതിയായിരുന്ന അജിത്ത് കുമാർ എന്ന സോജു,​ കാലടി സ്വദേശി കുട്ടൻ എന്ന വിഷ്ണു എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. പേട്ട സ്വദേശിയായ ലോറി ഡ്രൈവറെ വടിവാൾ കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പലയിടങ്ങളിൽ നിന്നായി മണ്ണ് കടത്തുന്ന ടിപ്പർ അടക്കമുള്ള ലോറിക്കാരിൽ നിന്ന് ലോഡ് ഒന്നിന് 1000 രൂപ വീതം ഇയാളും സംഘവും ഗുണ്ടാപ്പിരിവ് വാങ്ങിയിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ,​ ഇതു സംബന്ധിച്ച് പരാതി നൽകാൻ ആരും തയ്യാറായിരുന്നില്ല. അതിനിടെ​ പേട്ട സ്വദേശിയെ ബണ്ട് റോഡിലുള്ള വീട്ടിലെത്തിച്ച് മർദ്ദിക്കുകയും വടിവാൾ കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. ലോഡിന് 250 രൂപ വീതം നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കരമന പൊലീസ് പിടികൂടിയത്.സോജുവിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ മഴു,​ എസ് ആകൃതിയിലുള്ള കത്തി,​മറ്റ് ആയുധങ്ങളും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു.കരമന സി.ഐ എസ്.അനൂപ്,​എസ്.ഐ ആർ.എസ്.വിപിൻ,​ഷാഡോ എസ്.ഐ ഉമേഷ്,പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്,​ശരത്,​ഹരീഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ സോജു അടക്കമുള്ളവരെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും മറ്റു പല കേസുകളിലുമായി 12 വ‌ർഷത്തോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്യുന്നതിനിടെ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഗുണ്ടാപ്പിരിവും മറ്റ് ക്രിമിനൽ നടപടികളുമായി നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.കരമന സജി കൊലക്കേസിലും പ്രതിയാണ് സോജു.