ആറ്റിങ്ങൽ: കോഴിമുട്ടയുടെ വില കൂടുന്നു. നിലവിൽ 7.50 രൂപയാണ് ഒരു വെള്ള മുട്ടയുടെ വില. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. ഇറച്ചിക്കോഴിയുടെ വില കുറഞ്ഞതോടെ കോഴിവളർത്തൽ തമിഴ്നാട്ടിലെ കർഷകർ കുറച്ചതാണ് മുട്ട ഉത്പാദനം കുറയാൻ കാരണം. കോഴിത്തീറ്റ വിലയും അടിക്കടി കൂടുന്നതാണ് കോഴി വളർത്തലിൽ നിന്ന് കർഷകരെ പിൻതിരിപ്പിക്കുന്നത്. മുട്ട ഉത്പാദനം ഇനിയും കുറയുമെന്നാണ് തമിഴ്നാട്ടിലെ കോഴി കർഷകർ പറയുന്നത്.