തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി. നഖത്തിന്റെ അളവും കുഞ്ഞിന്റെ ശരീരത്തിലെ മുറിവിന്റെ പാടുകളും തമ്മിൽ യോജിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയായിരുന്നു പ്രധാനം. ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ മൂവരും നഖം മുറിച്ചിട്ടാണ് വന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് പുറമേ മെഡിക്കൽ പരിശോധനകളും നടത്തി.മ്യൂസിയം പൊലീസ് ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എന്നാൽ ശിശുക്ഷേമ സമിതിയിലെത്തിച്ചുള്ള തെളിവെടുപ്പ് പൊലീസ് ഒഴിവാക്കി. പൊലീസ് സംഘം പ്രതികളുമായി തെളിവെടുപ്പിനെത്തുന്നത് ശിശുക്ഷേമ സമിതിയിൽ താമസിപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ മാനസികമായി ബാധിക്കുമെന്നതിനാലാണ് സമിതിയിലെ തെളിവെടുപ്പ് ഒഴിവാക്കിയതെന്ന് മ്യൂസിയം സി.ഐ വിമൽ കുമാർ പറഞ്ഞു.ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ആയമാരെ ശിശുക്ഷേമസമിതിയിൽ വച്ച് ചോദ്യം ചെയ്ത ശേഷമാണ് മ്യൂസിയം പൊലീസ് ആയമാരെ അറസ്റ്ര് ചെയ്തത്. തെളിവെടുപ്പ് പൂർത്തിയാക്കി ഇവരെ വീണ്ടും ജയിലിലേക്കയച്ചു.