തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിരമിച്ച വെഹിക്കിൾ സൂപ്പർവൈസർമാരെ താത്കാലിക ട്രെയിനർമാരായി നിയമിക്കാനായി നടത്തിയ ഇന്റർവ്യൂവിലേക്ക് ടി.ഡി.എഫ് പ്രതിഷേധം. കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച സി.ഐ.ടി.യു സംസ്ഥാന ട്രഷററും സെക്രട്ടറിയുമടക്കമുള്ള നേതാക്കളെ താത്കാലികാടിസ്ഥാനത്തിൽ പിൻവാതിലിലൂടെ നിയമിക്കാനാണ് ഇന്റർവ്യൂ നടത്തുന്നതെന്നാരോപിച്ചാണ് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ ഇന്റർവ്യൂ നടക്കുന്ന ബോർഡ് റൂമിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തെ തുടർന്ന് മാനേജ്മെന്റിന് ഇന്റർവ്യൂ നടത്താനായില്ല. കെ.എസ്.ആർ.ടി.സിയിലെ താത്കാലിക നിയമനങ്ങളും ട്രാൻസ്‌ഫറുകളും പാർട്ടി ഓഫീസിൽ നിന്ന് പറയുന്നതനുസരിച്ച് പാർട്ടിക്കാർക്കും കൈക്കൂലി നൽകുന്നവർക്കും മാത്രം നിജപ്പെടുത്തിയിരിക്കുന്നതായും പണം വാങ്ങി ട്രാൻസ്ഫറുകൾ നൽകുകയാണെന്നും ടി.ഡി.എഫ് വൈസ് പ്രസിഡന്റ് ടി.സോണി ആരോപിച്ചു.
സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് നിയമനമില്ലെന്നും സഖാക്കൾക്ക് പെൻഷനായാലും ജോലി നൽകാനാണ് ശ്രമമെന്നും ടി.ഡി.എഫ് ആരോപിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്.ജി.രാജേഷ്,എസ്.കെ.മണി,ദീപു ശിവ,ഗ്ലാഡ്സ്റ്റൺ,ജില്ലാ പ്രസിഡന്റുമാരായ അഭിലാഷ്.യു.വി,സനൽ എന്നിവർ പങ്കെടുത്തു.