തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്കാനിംഗ് സെന്ററുകളിലടക്കം വിദഗ്ദ്ധ ഡോക്ടർമാർക്കുപകരം രോഗികളുടെ സ്കാനിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത് അംഗീകാരമില്ലാത്ത തട്ടിക്കൂട്ട് കോഴ്സ് പാസായ ടെക്നീഷ്യന്മാർ. ഇതുമൂലം സ്കാനിംഗിലെ പിഴവ് നിത്യസംഭവം. ആലപ്പുഴയിൽ ഗുരുതര വൈക്യലങ്ങളോടെ കുഞ്ഞ് ജനിക്കാനിടയായ സംഭവത്തിൽ സ്കാനിംഗിലെ വീഴ്ച ആരോപിക്കപ്പെട്ടതാണ് ഒടുവിലത്തെ ഉദാഹരണം.

അൾട്രാസൗണ്ട് സ്കാനിംഗ് യന്ത്രങ്ങളുപയോഗിച്ചുള്ള പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും ഡോക്ടർമാരാണ് ചെയ്യേണ്ടതെന്നാണ് നിയമം. എന്നാൽ, സർക്കാർ അംഗീകാരമില്ലാത്ത അൾട്രാസൗണ്ട് ടെക്‌നീഷ്യൻ എന്ന കോഴ്സ് നടത്തി അത് പാസാകുന്നവരെ നിയമിക്കുന്നു. പ്ലസ് ടു യോഗ്യത മതി ഇത് പഠിക്കാൻ. സ്വകാര്യ മേഖലയിൽ ഈ കോഴ്സ് ഇപ്പോൾ വ്യാപകമാണ്.

സ്കാനിംഗ് റിപ്പോർട്ടുകളിൽ ഡോക്ടറുടെ പേരും യോഗ്യതയും രജിസ്ട്രേഷൻ നമ്പരും ഉൾപ്പെടെ ഉണ്ടായിരിക്കണമെന്നതും പാലിക്കപ്പെടുന്നില്ല. 1994ലെ പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട് (പ്രീകൺസെപ്ഷൻ ആൻഡ് പ്രീനേറ്റൽ ഡയഗനോസ്റ്റിക് ടെക്നിക്‌സ്‌) പ്രകാരം എം.ബി.ബി.എസ് കഴിഞ്ഞ് റേഡിയോളജിയിൽ എം.ഡി പൂർത്തിയാക്കുന്ന റേഡിയോളജിസ്റ്റുമാരുടെ മേൽനോട്ടത്തിലാണ് സ്കാനിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കേണ്ടത്.

ഹൃദയസംബന്ധമായ എക്കോ പരിശോധനകൾ നടത്തേണ്ടത് കാർഡിയോളജിസ്റ്റുമാരാണ്. ഗർഭിണികളുടെ സ്കാനിംഗ് ഗൈനക്കോളജിസ്റ്റുകളും. മുൻകാലങ്ങളിൽ എം.ബി.ബി.എസ് പാസാകുന്നവർക്ക് സ്കാനിംഗ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഉൾപ്പെടെ ആറുമാസത്തെ പരിശീലനം നൽകിയിരുന്നു. ഇതൊന്നുമില്ലാതെയാണ് ഇപ്പോൾ പല സ്കാനിംഗ് സെന്ററുകളുടെയും പ്രവർത്തനം.

 വൻശമ്പളം ഒഴിവാക്കാൻ തരികിട

സ്കാനിംഗ് സെന്റുകളിലും ആശുപത്രികളിലും റേഡിയോളജിസ്റ്റുമാർക്ക് വൻതുക ശമ്പളം നൽകണം. അതിനാൽ അംഗീകാരമില്ലാത്ത കോഴ്സ് പാസായവരെ ടെക്നീഷ്യന്മാരാക്കുന്നു. ഇവർക്ക് തുച്ഛമായ ശമ്പളം നൽകിയാൽ മതി.

 പ്രവർത്തനം നീരീക്ഷിക്കുന്നില്ല

സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ അദ്ധ്യക്ഷനായ സമിതിക്കാണ് പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട് നടപ്പാക്കുന്നതിൽ മേൽനോട്ടം. ജില്ലാതലത്തിൽ ഡി.എം.ഒമാർക്കും ആർ.സി.എച്ച് ഓഫീസർമാർക്കും. സ്കാനിംഗ് സ്ഥാപനങ്ങൾ ഈ സമിതിയിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ, പിന്നീട് സ്കാനിംഗ് സെന്ററുകളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടുന്നില്ല. യോഗ്യതയുള്ളവർ ഉണ്ടോയെന്നും പരിശോധിക്കുന്നില്ല.

''സ്കാനിംഗ് നടത്തുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും യോഗ്യതയുള്ളവരായിരിക്കണം.അല്ലെങ്കിൽ സമൂഹത്തിന് ആപത്താണ്

-ഡോ.എ.വി.ജയകൃഷ്ണൻ,

ദേശീയ ജോ.സെക്രട്ടറി,

ഐ.എം.എ