
വിഴിഞ്ഞം: കമ്മ്യൂണിസം നിലകൊള്ളുന്നത് സമൂഹത്തിന്റെ നീതിക്കു വേണ്ടിയാണെന്നും അനീതിക്കെതിരെയുള്ള പോരാട്ടമാണ് കമ്മ്യൂണിസമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോട്ടുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ചപ്പാത്തിൽ സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനങ്ങൾ കഴിയുമ്പോൾ ജനകീയ രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്ന പാർട്ടിയായി സി.പി.എം ഉരുകിത്തെളിഞ്ഞു വരും.കോൺഗ്രസിനും ബി.ജെ.പിക്കും ഇത്തരമൊരു സമ്മേളനം നടത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ അടിയും ബി.ജെ.പിയിൽ അടിയോടടിയാണെന്നും അദ്ദേഹം പരിഹസിച്ചു. രാജാധിപത്യകാലത്ത് നടത്തിയിരുന്ന പടവാൾ ഭരണമാണ് ബി.ജെ.പിയും ആർ.എസ്.എസും കേന്ദ്രത്തിൽ നടത്തുന്നതെന്നും പി.ജയരാജൻ പറഞ്ഞു.
സംഘടകസമിതി ചെയർമാൻ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ.സീമ,ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എസ്.ഹരികുമാർ,പി.രാജേന്ദ്രകുമാർ, പുഷ്പലത,കോവളം ഏരിയാ സെക്രട്ടറി കരുംകുളം അജിത്,നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ,ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.24 രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.