p

തിരുവനന്തപുരം : സർക്കാർ, സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാരും വൈസ് പ്രിൻസിപ്പൽമാരും ഉൾപ്പെടെ ക്ലാസെടുക്കണമെന്ന് കേന്ദ്ര നഴ്സിംഗ് കൗൺസിലിന്റെ നിർദ്ദേശം. അക്കാഡമിക് കാര്യങ്ങളിൽ ഇവർ ഒരു ദിവസം കുറഞ്ഞത് നാലു മണിക്കൂർ ചെലവഴിക്കണം. ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിനുപോലും സമയം തികയാത്ത സാഹചര്യത്തിൽ അപ്രായോഗികമെന്നാണ് പ്രിൻസിപ്പൽമാരുടെ നിലപാട്. വൈസ് പ്രിൻസിപ്പൽമാർ ക്ലാസെടുക്കുന്നുണ്ട്. അതിന് സമാനമായി പ്രിൻസിപ്പൽമാരും പ്രവർത്തിക്കണമെന്നാണ് കേന്ദ്ര നഴ്സിംഗ് കൗൺസിൽ നിർദ്ദേശിക്കുന്നത്. ഓരോ കോളേജിലും 20 അദ്ധ്യാപകേതര ജീവനക്കാർ വേണമെന്നും നിർദ്ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഓഫീസ് സൂപ്രണ്ട്, പി.എ ടു പ്രിൻസിപ്പൽ, അക്കൗണ്ടന്റ്, സ്റ്റോർകീപ്പർ എന്നീ തസ്തികകളിൽ ഓരോരുത്തരും യു.ഡി ക്ലർക്ക്, എൽ.ഡി ക്ലർക്ക്, ലൈബ്രേറിയൻ, ക്ലാസ്റൂം അറ്റൻഡന്റ് തസ്തികകളിൽ രണ്ടുപേർ വീതവും പ്യൂൺമാരായി നാലുപേരും ഹോസ്റ്റൽ വാർഡൻമാരായി മൂന്നുപേരും വേണം. സംസ്ഥാന നഴ്സിംഗ് കൗൺസിലാണ് പരിശോധിച്ച് ഉറപ്പാക്കേണ്ടത്.

യു.ജി.സി ശമ്പളം

കൊടുക്കണം

സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് യു.ജി.സി നിരക്കിൽ ശമ്പളം നൽകണമെന്ന് കേന്ദ്ര നഴ്സിംഗ് കൗൺസിൽ വീണ്ടും നിർദ്ദേശിച്ചിട്ടുണ്ട്.

യു.ജി.സി തുടക്കകാർക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 57,700 രൂപയാണ്.നിലവിൽ സ്വാശ്രയ കോളേജുകളിൽ 20000 മുതൽ 35000 വരെ മാത്രം.

നേരത്തെ കേന്ദ്രനിർദ്ദേശം അനുസരിച്ച് സംസ്ഥാന കൗൺസിൽ കോളേജുകൾക്ക് നിർദ്ദേശം നൽകിയെങ്കിലും അവഗണിക്കുകയായിരുന്നു.യു.ജി.സി ശമ്പളം നൽകാത്ത കോളേജുകളുടെ അഫിലിയേഷൻ പുതുക്കി നൽകേണ്ടതില്ലെന്ന നിലപാടുവരെ എത്തിയെങ്കിലും നടപടി ഉണ്ടായില്ല.