തിരുവനന്തപുരം: തലച്ചോറിനെ ബാധിച്ച അപൂർവ രോഗാവസ്ഥയെ അതിജീവിച്ച് ഒന്നര വയസുകാരി. തലച്ചോറിലെ ഒരു കൂട്ടം രക്തക്കുഴലുകൾ പ്രവർത്തനരഹിതമായി രക്തസ്രാവത്തിലേക്ക് നയിക്കുന്ന അപൂർവ ജനിതക വൈകല്യമായ ബ്രെയിൻസ്റ്റം കാവേർനോമ ബാധിച്ച കുട്ടിയാണ് കിംസ് ഹെൽത്തിലെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആയിരം കുട്ടികളിൽ 2.1 പേർക്ക് മാത്രമാണ് ഈ രോഗാവസ്ഥയുണ്ടാവാനുള്ള സാദ്ധ്യത. തലച്ചോറിനെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻസ്റ്റെമ്മിൽ അനിയന്ത്രിതമായ രക്തസ്രാവമുണ്ടായി ശ്വാസോച്ഛാസം നിലച്ച് കോമാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് യു.എസിലും ജപ്പാനിലും മാത്രം ചെയ്തിട്ടുള്ള ട്രാൻസ്‌നേസൽ എൻഡോസ്‌കോപ്പിക് ബ്രെയിൻസ്റ്റം കാവേർനോമ റിമൂവൽ സർജറി നടത്താൻ തീരുമാനിക്കുകയായിരുന്നു. കിംസ് ഹെൽത്തിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അജിത്.ആർ,എൻഡോസ്‌കോപിക് സ്‌കൾ ബേസ് സർജറി ആൻഡ് റൈനോളജി കൺസൾട്ടന്റ് ഡോ.വിനോദ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർജറി.ന്യൂറോ സർജറി വിഭാഗത്തിലെ ഡോ.അബു മദൻ,ഡോ.നവാസ് എൻ.എസ്,ഡോ.ബോബി ഐപ്പ്,ന്യൂറോ അനസ്‌തേഷ്യ വിഭാഗം ഡോ.സുശാന്ത്.ബി,ഇ.എൻ.ടി വിഭാഗം ഡോ.ബെൻസി ബെഞ്ചമിൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.