keralakaumudireport

മടവൂർ: പരിമിതികൾ മാറ്റി തുമ്പോട് ഗവ.സി.എൻ.പി.എസ്.എൽ.പി സ്കൂൾ വികസനപാതയിൽ. വിദ്യാലയത്തിലെ പരിമിതികളെക്കുറിച്ച് കേരളകൗമുദി ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മടവൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടലിലൂടെ വർഷങ്ങളായി മണ്ണും പാഴ്‌വസ്തുക്കളും മൂടിക്കിടന്ന ഓട വൃത്തിയാക്കി സ്ലാബിടുന്ന ജോലി അവസാന ഘട്ടത്തിലാണ്. മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം സ്കൂൾ മുറ്റത്തെത്താതെ ഓടയിലൂടെ ഒഴുക്കാൻ കഴിയും. തുമ്പോട് എൽ.പി.എസിനെ ഒരു ഭിന്ന ശേഷിസൗഹൃത വിദ്യാലയമാക്കുന്നതിനുള്ള മരാമത്ത് പണികളും പൂർത്തിയായി വരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് പകരമായി വി.ജോയി.എം.എൽ.എ യുടെ ശ്രമഫലമായി നാല് ക്ലാസ്മുറികളുള്ള പുതിയ ഒരു ഇരുനില കെട്ടിടത്തിനായി ഇ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ഇത് പൂർത്തിയാകുന്നതിലൂടെ ഓഡിറ്റോറിയം, ലാബ് എന്നിവിടങ്ങളിലെ ക്ലാസ് മുറികൾ ഒഴിവാക്കാനും കഴിയും.