കിളിമാനൂർ: ബേക്കറികളിലെ ബോർമകളെല്ലാം കേക്ക് നിർമ്മാണത്തിന്റെ തിരക്കിലാണ്. വരുംദിവസങ്ങളിൽ രുചിയിലും നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വൈവിദ്ധ്യവുമായി ക്രിസ്മസ് വിപണിയിൽ കേക്കുകൾ നിറയും. വിപണിയിൽ പുതിയ തരം കേക്കുകളെത്തിക്കാനാണ് ബേക്കറി ഉടമകൾ എല്ലാ ക്രിസ്മസിനും ശ്രമിക്കുന്നത്. ക്രിസ്മസ് എന്നാൽ പ്ലം കേക്കുകളുടെ കാലമാണ്. പ്ലം കേക്കും വാനില ഫ്രെഷ് ക്രീം കേക്കും വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്‌ട്രോബറി, ബട്ടർസ്‌കോച്ച്, ഓറഞ്ച്, ബ്ലാക്ക് -വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ഡ്രീംകേക്ക് തുടങ്ങിയ വിവിധ രുചികളിലെ കേക്കുകളിന്ന് ലഭ്യമാണ്. മിക്സഡ് ഫ്ളേവറിനും ആവശ്യക്കാരുണ്ട്. ഓർഡർ പ്രകാരം ക്രിസ്മസ് കേക്കുകൾ തയ്യാറാക്കുന്ന വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളുമിന്ന് സജീവമാണ്. അതോടൊപ്പം ചെറിയ പോക്കറ്റ് മണിക്കായി കേക്കുകൾ നിർമ്മിച്ച് വിൽക്കുന്ന വിദ്യാർത്ഥികളുമുണ്ട്. ബട്ടർ സ്കോച്ച്, റെഡ് വാൻചോ, ഡ്രീം കേക്ക് എന്നീ നാല് രുചികൾ ചേർത്തുള്ള 'ബിഗ്ബോസ്' കേക്കും ലൗവ് കേക്കുമാണ് വിപണിയിലെ താരം.
മത്സരത്തിൽ വില്പന
വൈനും പ്ലം കേക്കും അടങ്ങുന്ന കോംബോ ഓഫറുകൾ
സ്കൂൾ, കോളേജ് ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട്
ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്ട് പായ്ക്കുകൾ
പുതുവത്സരാഘോഷംവരെ കേക്ക് വിപണി ഉഷാറാകുമെന്ന് വ്യാപാരികൾ