
ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന കടുവയിൽ പ്രദേശത്ത് റോഡ് തകർന്നിട്ട് കാലങ്ങളായി. അത്രത്തോളം തന്നെയായി തെരുവുവിളക്കും കത്താറില്ല. തകർന്ന റോഡിൽ മഴക്കാലമായാൽ പലഭാഗത്തായി ചെളിവെള്ളം കെട്ടിനിൽക്കും. ഇരുചക്രവാഹനങ്ങൾ സ്ഥിരം അപകടത്തിൽപ്പെടും. ഇരുട്ടിലൂടെ തകർന്ന റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ നാട്ടുകാർ അധികാരികളോട് പരാതി പറഞ്ഞുതുടങ്ങി. ഒടുവിൽ റോഡ് നന്നാക്കാൻ അധികാരികൾ തീരുമാനത്തിലെത്തി. നാട്ടുകാർ കാത്തിരുന്ന് റോഡ് നിർമാണ സാമഗ്രികളുമായി ലോറിയെത്തി. എന്നാൽ ഈ ലോറി കയറി പ്രദേശത്തേക്കുള്ള കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി, കുടിവെള്ളവും മുട്ടി. ഇതോടെ വഴിയും വെളിച്ചവും വെള്ളവുമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചിട്ടും കഴിഞ്ഞ ഒരാഴ്ചയായി റോഡിലൂടെ പൈപ്പ് വെള്ളം ഒഴുകുകയാണ്. പ്രവർത്തന രഹിതമായ തെരുവിളക്കുകൾ മാറ്റി സ്ഥാപിക്കണമെന്നും പൈപ്പ് നന്നാക്കണമെന്നും ആവശ്യം ഉയർന്നിട്ടും നടപടിമാത്രമില്ല.