തിരുവനന്തപുരം: 'ഇത്ര വലിയൊരാഘോഷം ഇവിടെ നടക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ച് വീട്ടിൽ കിടന്നുറങ്ങാനാവുമോ. ഇത് ഞങ്ങളുടെയും കൂടിയിടമാണ്..." ടാഗോർ തീയേറ്ററിലെത്തിയ വെള്ളനാട് സ്വദേശി മാളു മുരളിയുടെ വാക്കുകളിൽ ഐ.എഫ്.എഫ്.കെയുടെ കന്നിക്കാഴ്ചകൾ കാണുന്നതിന്റെ കൗതുകവും ആവേശവുമായിരുന്നു. ലോകസിനിമകൾ തലസ്ഥാനത്തിലേയ്ക്ക് ചുരുങ്ങുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളായും വോളണ്ടിയർമാരായും ആദ്യമായെത്തുന്നവർ അനേകം. ടാഗോറിലും നിശാഗന്ധിയിലും കൈരളിയിലും ഐ.എഫ്.എഫ്.കെ ബാഗും ഐഡി കാർഡുമണിഞ്ഞ് സിനിമയും സിനിമയിലെ രാഷ്ട്രീയവും ചർച്ച ചെയ്ത് അവർ നടന്നു. ഓളത്തിൽ ഭാഗമാകണമെന്നാഗ്രഹിച്ച് മാത്രമെത്തുന്നവരല്ല ഇവർ. ഡെലിഗേറ്റ് കിറ്റിനൊപ്പം ലഭിച്ച ബ്രോഷറുകൾ ദിവസങ്ങൾക്ക് മുൻപേ വായിച്ച്, റിവ്യൂ നോക്കി കാണേണ്ട സിനിമകൾ ഉറപ്പിച്ചിരിക്കുന്നവരാണ് അധികവും. 'ഒരൊറ്റ ഫോൺ കോൾ കൊണ്ട് ജീവിതവും രാജ്യവും വ്യക്തിത്വവും മാറുന്ന കഥ..... ഐ.എഫ്.എഫ്.കെ ബ്രോഷർ ലഭിച്ചപ്പോഴെ 'വെൻ ദി ഫോൺ റാങ്ക്" എന്ന സിനിമ കാണാനാഗ്രഹിച്ചു. കാത്തിരിപ്പ് നഷ്ടമായില്ല..'ഇന്നലെ കൈരളി തീയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ഡിഗ്രി ബോട്ടണി വിദ്യാർത്ഥി അതുൽ ഐ.എഫ്.എഫ്.കെയുടെ ആദ്യാനുഭവത്തെക്കുറിച്ച് പറഞ്ഞു. ജിതിൻ ഐസക്ക് തോമസിന്റെ 'പാത്ത്", ചൈനീസ് ചിത്രം 'ഓൾ ഷാൽ ബി വെൽ", 'ഫോർമോസാ ബീച്ച്" എന്നീ ചിത്രങ്ങളും അതുലിന് കാണണമെന്നുണ്ട്.
ആരെ ഭയക്കണം?
സമത്വത്തിന്റെ ഇടമാണ് കൊല്ലം സ്വദേശികളായ ഗായത്രിക്കും അമൃതയ്ക്കും ചലച്ചിത്രമേള. മേളയിൽ പങ്കെടുക്കാൻ വഴുതയ്ക്കാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. ആൺപെൺ സൗഹൃദങ്ങളെ ചോദ്യം ചെയ്യാത്ത വേദിയാണിതെന്ന് ഇവർ പറയുന്നു. തുറിച്ചുനോട്ടങ്ങളില്ലാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും അസ്ഥിത്വം പ്രഖ്യാപിക്കാനുമുള്ള ഇടം. പായൽ കപാഡിയ ഉൾപ്പെടെയുള്ള സംവിധായകരെ കാണാനെത്തുന്ന സിനിമാപ്രേമികളും ഇക്കൂട്ടത്തിലുണ്ട്.