
നെയ്യാറ്റിൻകര : അരവിപ്പുറം ശിവക്ഷേത്രമഠത്തിൽ ഭൈരവൻ ശാന്തിയുടെ ഓർമ്മയ്ക്കായി യതിപൂജയും അനുസ്മരണ യോഗവും നടന്നു. ഭൈരവൻ ശാന്തി സമാധി ആയതിനുശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഉചിതമായ പൂജകൾ നടത്തിയിരുന്നില്ല. ഈസാഹചര്യത്തിലാണ് 86 വർഷങ്ങൾക്ക് ശേഷം മഠത്തിന്റെ നേതൃത്വത്തിൽ യതി പൂജ നടന്നത്. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ കാലയളവിൽ ക്ഷേത്രത്തിന്റെയും മഠത്തിന്റെയും കാര്യങ്ങൾ നോക്കി നടത്താൻ ഭൈരവൻ ശാന്തിയെയാണ് ഗുരു ചുമതലപ്പെടുത്തിയത്. യതിപൂജയ്ക്ക് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകി. വിവിധ മഠങ്ങളിലെ സന്യാസി ശ്രേഷ്ഠന്മാർ പങ്കെടുത്തു. ഭൈരവൻ ശാന്തി അനുസ്മരണ സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. രാവിലെ 9ന് സമാധി പീഠത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാഗാനന്ദ നന്ദിയും പറഞ്ഞു.