
ഹൈദരാബാദ്: നോട്ടീസ് പോലും നൽകാതെ തെലുങ്ക് സൂപ്പർ താരം അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പതിനാലു ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത്നമ്പള്ളി മജിസ്ട്രേറ്റ് കോടതി. താരത്തെ തുറുങ്കിലടക്കാൻ
ചഞ്ചൽഗുഡ സെൻട്രൽ ജയിലിനു മുന്നിൽ കനത്ത പൊലീസ് വിന്യാസം. തെലങ്കാന ഹൈക്കോടതിയുടെ ഇടപെടൽ. ഒരു നടനെ ഇങ്ങനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചുകൊണ്ട് നാലാഴ്ചത്തെ ഇടക്കാല ജാമ്യം.
തടവറ ഒരുക്കിയ പൊലീസിന്റെ പിടിയിൽനിന്ന് അല്ലുഅർജ്ജുൻ ജൂബിലി ഹിൽസിലെ വസതിയിലേക്ക്. ഇത്തരത്തിൽ അത്യന്തം ഉദ്വേഗജനകമായ നടപടികൾക്കാണ് ഇന്നലത്തെ പകൽ തെലങ്കാന സാക്ഷ്യം വഹിച്ചത്. ആരാധകർ പൊലീസ് സ്റ്റേഷനു മുന്നിലും കോടതിക്കു മുന്നിലും തടിച്ചുകൂടിയിരുന്നു.
പുഷ്പ 2 സിനിമയുടെ റിലീസ് ദിവസം ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതാണ് ഇന്നലത്തെ സംഭവങ്ങളിൽ കലാശിച്ചത്.
രാവിലെ വസതിയിലെത്തിയ ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സിനോട് സിനിമാ നിർമ്മാതാവായ
അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്‌നേഹ റെഡ്ഢിയും തർക്കിച്ചെങ്കിലും അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു.
എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കേയാണ് അറസ്റ്റ്.മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ വൈകുന്നേരം നാലുമണിയോടെ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഈ അറസ്റ്റ് അലോസരപ്പെടുത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ജുവാദി ശ്രീദേവി ഇടക്കാല ജാമ്യം അനുവദിച്ചത്.മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.അറിഞ്ഞുകൊണ്ട് അത്യാഹിതം വരുത്തിവച്ചു എന്നതാണ് മറ്റൊരു കുറ്റം.
മറ്റു പ്രതികൾ അറസ്റ്റിലായെന്നും താരത്തിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിരുന്നു. തീയേറ്റർ ഉടമയെയും ജീവനക്കാരനെയും അടക്കം അറസ്റ്റ് ചെയ്തിരുന്നു.
.ഡിസംബർ നാലിന് രാത്രി 11ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ ഉന്തലിലും തള്ളലിലുമാണ് രേവതി (35) മരിച്ചത്. മകൻ ശ്രീതേജ (9) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രീമിയർ ഷോയ്ക്ക്
അല്ലു അർജുനും കുടുംബവും സിനിമാ സംഘവും എത്തിയതിനു പിന്നാലെയാണ് തിക്കുംതിരക്കും ഉണ്ടായത്.
പത്തുവർഷം വരെ
തടവിനുള്ള കുറ്റം
1.മനഃപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. നരഹത്യ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്.
2.അല്ലു അർജ്ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പ്രോസിക്യൂഷൻ
3. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നെന്നും അല്ലു അർജ്ജുൻ.
രേവതിയുടെ മരണത്തിൽ അല്ലു അർജ്ജുന് പങ്കില്ലെന്നും കേസ് പിൻവലിക്കണമെന്നും ഭർത്താവ് മൊഗഡാൻപള്ളി ഭാസ്‌കർ പ്രതികരിച്ചു.
`സിനിമാതാരം നിയമത്തിന് അതീതനല്ല'
- രേവന്ത് റെഡ്ഢി
തെലങ്കാന മുഖ്യമന്ത്രി