1

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ 7.3 കോടി രൂപ ചെലവിൽ നൂതന സ്‌പെക്ട് സി.ടി സ്‌കാനർ പ്രവർത്തനസജ്ജമാക്കി ആരോഗ്യവകുപ്പ്‌. ട്രയൽ റണ്ണിനുശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.ഈ പുതിയ സാങ്കേതികവിദ്യയിലൂടെ അർബുദരോഗ നിർണയവും ചികിത്സയും ഒപ്പം തൈറോയ്ഡ്,ഹൃദയം,തലച്ചോറ്,കരൾ,വൃക്കകൾ,ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗനിർണയത്തിനും ചികിത്സാനിരീക്ഷണത്തിനും സാധിക്കും.
ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാനാകും. നേരത്ത സ്വകാര്യ വൻകിട ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർ.സി.സിയിലും എം.സി.സിയിലും നേരത്ത സ്ഥാപിച്ചിരുന്നു.
സ്‌പെക്ട് സിടി സ്‌കാനറിന് പുറമെ 15 കോടി ചെലവിൽ പെറ്റ് സിടി സ്‌കാനർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും നാലുകോടി ചെലവുള്ള ന്യൂക്ലിയർ മെഡിസിൻ ഹൈഡോസ് തെറാപ്പി വാർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌.

സ്കാനറിന് ചെലവാക്കിയത് - 7.3 കോടി രൂപ

അവയവങ്ങളുടെ പ്രവർത്തനമറിയാം

അൾട്രാസൗണ്ട് സ്‌കാൻ,എക്സ്റേ,സിടി സ്‌കാൻ,എം.ആർ.ഐ സ്‌കാൻ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകൾ അവയവങ്ങളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്.

പേടി വേണ്ട

റേഡിയോ ആക്ടീവ് ട്രേസർ ഉപയോഗിച്ചാണ് സ്‌പെക്ട് സിടി പ്രവർത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിക്കുന്നതിനാൽ വികിരണം മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾക്കുള്ള സാദ്ധ്യതയും വളരെ കുറവാണ്.

ന്യൂക്ലിയർ മെഡിസിൻ

കേരളത്തിൽ കോഴിക്കോട്,തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ,തലശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളിലാണ് സർക്കാർ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. രസതന്ത്രം,ഭൗതികശാസ്ത്രം,ഗണിതശാസ്ത്രം,കംപ്യൂട്ടർ സാങ്കേതികവിദ്യ, ഇമേജിംഗ്,വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയർ മെഡിസിൻ.