തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യ നായിക പി.കെ.റോസിയുടെ സ്മരണയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം. 'സ്വപ്നായനം" എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചർ ഫിലിം തിരുവനന്തപുരത്തെ കാപിറ്റോൾ തിയേറ്ററിൽ നടക്കാൻ പോകുന്ന വിഗതകുമാരന്റെ ആദ്യപ്രദർശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തിൽ ആരംഭിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തിൽ നിന്നും പറന്നുയരുന്ന ചകോരം കാലങ്ങൾ പിന്നിട്ട് ന്യൂ കാപിറ്റോൾ തിയേറ്ററിലേക്കെത്തുമ്പോൾ അവിടെ പ്രേക്ഷകർക്കിടയിൽ പി.കെ.റോസിയുമുണ്ട്. കാപിറ്റോൾ തിയേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനത്തോടെ നാടുവിടേണ്ടിവന്ന റോസി, ന്യൂ കാപിറ്റോൾ തിയേറ്ററിൽ അഭിമാനത്തോടെ സിനിമ കാണുമ്പോൾ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഫിലിമിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. നഗരത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട വളർച്ചയും ആനിമേഷനിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് മുംബയിൽ ഛായാഗ്രാഹകനായി ജോലിചെയ്യുന്ന മലയാളി കെ.ഒ.അഖിലാണ്. അഭിരാമി ബോസാണ് പി.കെ.റോസിയായി അഭിനയിച്ചത്.