p

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര്(മംപ്സ്) വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. ഈ മാസം മാത്രം 2870 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 10ന് 328 പേർക്കും ഈ വർഷം ആകെ 69113 പേർക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തും കണ്ണൂരും ഈ വർഷം 10000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ ഒ.പിയെടുക്കാൻ എത്തുന്നവരിൽ നിന്ന് ഡോക്ടർമാർക്കും പകരുന്നുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്ക് രോഗമുണ്ടായി. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വർദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളിൽ മാത്രം ഉണ്ടാവുന്ന രോഗം മുതിർന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാവ്യതിയാനമാണെന്നും വിദഗ്ദ്ധർ പറയുന്നു.

കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീ

ലക്ഷണങ്ങൾ കാണിക്കുമ്പോൾ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. തലച്ചോറിലേക്ക് വ്യാപിച്ചാൽ രോഗം സങ്കീർണമാകും.

വാക്സിൻ ഇല്ല

മുണ്ടിനീരിനെ ചെറുക്കുന്നതിനായി കുട്ടികൾക്ക് ഒന്നര വയസിനകം നൽകിയിരുന്ന മംപ്സ്-മീസിൽസ്-റുബെല്ലവാക്സിൻ (എം.എം.ആർ) കഴിഞ്ഞ എട്ടുവർഷമായി നൽകുന്നില്ല. സ്കൂളിൽ വിദ്യാർത്ഥികൾ അടുത്തിടപഴകുമ്പോൾ രോഗ വ്യാപന സാദ്ധ്യതയേറും.

മുണ്ടിനീര്- ഉമിനീർ ഗ്രന്ഥിയിലുണ്ടാവുന്ന വീക്കമാണ് മുണ്ടിനീർ അഥവാ മംപ്സ്

രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വൈറസ് വായുവിൽ പടരും

രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ അഞ്ചുദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകരുത്