1

പൂവാർ: കോവളം-കാരോട് ബൈപ്പാസ് റോഡിൽ തിരുപുറം മണ്ണക്കല്ലിൽ അപകടം പതിവാണെന്ന് നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആറോളം അപകടങ്ങൾ നടന്നു. ബൈപ്പാസ് റോഡിലെ മണ്ണക്കല്ലിൽ ഫ്ലൈഓവറിന്റെ പണി തുടങ്ങിയശേഷം അപകടപരമ്പരകൾ അരങ്ങേറിയതോടെ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലിൽ തട്ടി നിയന്ത്രണം തെറ്റിയ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. കൂടാതെ കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം കാറും ബൈക്കുകളും ഉൾപ്പെടെ നിരവധിവാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി പൊലീസും പറയുന്നു.

ബൈപ്പാസിന് കുറുകെ തിരക്കേറിയ പഴയകട-കുളത്തൂർ റോഡുകളെ ബന്ധിപ്പിക്കാനുള്ള പാലത്തിന്റെ നിർമ്മാണമാണ് വാഹനയാത്രികൾക്ക് വിനയായത്. ബീമുകൾ സ്ഥാപിക്കുന്നതിന് ബൈപ്പാസ് റോഡിൽ കുഴിയെടുത്തതോടെ വാഹനങ്ങളെ നിയന്ത്രിക്കാൻ റോഡിൽ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിവച്ചു. ഇതോടെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഒരുവശത്തുകൂടി പോകേണ്ട ഗതിയിലായി. കഴക്കൂട്ടം കാരോട് ബൈപ്പാസ് ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.

മുന്നറിയിപ്പ് സംവിധാനങ്ങളില്ല

വേണ്ടത്ര സുരക്ഷ ഒരുക്കാതെയും മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പാക്കാതെയും ബൈപ്പാസ് റോഡിൽ നടത്തിയ പരിഷ്കാരം യാത്രക്കാരുടെ ജീവനെടുക്കുന്ന നടപടികളിലേക്കാണ് ചെന്നെത്തിയത്. കോൺക്രീറ്റ് റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് അപകടമറിയുന്നത്. വേഗത്തിൽ ബ്രേക്ക് ചവിട്ടുന്നതിനിടയിൽ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം ഉണ്ടാവുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.

അപകടങ്ങൾ വർദ്ധിക്കുന്നു

പഴയകട-പൂവാർ റോഡിനെ ബന്ധിപ്പിച്ചുള്ള പാലത്തിന് കഷ്ടിച്ച് നൂറ് മീറ്റർ മാറിയാണ് പുതിയ പാലം പണിയുന്നത്. ചെറിയ വളവും കയറ്റിറക്കുമുള്ള ഭാഗമായതിനാൽ മുൻകൂട്ടി അപകടാവസ്ഥ അറിയാനും ഡ്രൈവർമാർക്ക് പലപ്പോഴും കഴിയാറില്ല. തൊട്ടടുത്തായി അധികൃതർ സ്ഥാപിച്ചിട്ടുള്ള താല്കാലിക മുന്നറിയിപ്പ് സംവിധാനം ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.