
തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സാമാന്യഗതിയിൽ കേരളത്തിന് ലഭിക്കേണ്ട 153 കോടി രൂപയല്ലാതെ അധികമായി മറ്റൊന്നിനും അർഹതയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചത്. കേരളം നൽകിയ 2219 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെക്കുറിച്ച് മിണ്ടാൻ കേന്ദ്രം തയ്യാറായിട്ടില്ല. കേരളവും വയനാടും ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്ട്രീയ അന്ധതയാണ് ബി.ജെ.പി ഗവൺമെന്റിനെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും ബിനോയ് വിശ്വം പറഞ്ഞു.