
പോത്തൻകാേട്: മംഗലപുരം കൊയ്ത്തൂർക്കോണത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തൗഫീക്കിനെ (33) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവദിവസം അറസ്റ്റിലായ പ്രതിയെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പിനെത്തിച്ചത്. സ്ഥലത്ത് വൻ ജനക്കൂട്ടമുണ്ടായിരുന്നു. പ്രതിയെ പൊലീസ് വാഹനത്തിൽ നിന്നിറക്കി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ പ്രതിക്ക് നേരെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. പൊലീസ് സംഘം പ്രതിക്ക് ചുറ്റും വലയം തീർത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പോത്തൻകോട് മാർക്കറ്റിലും ചാലയിലെ ജുവലറിയിലുമെത്തിച്ച തെളിവെടുപ്പ് നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി മജ്ഞുലാലിന്റെ നിർദ്ദേശാനുസരണം മംഗലപുരം എസ്.എച്ച്.ഒ ഹേമന്ദ് കുമാർ, കഠിനംകുളം എസ്.എച്ച്.ഒ സാജൻ.ബി.എസ്, എസ്.ഐ.മാരായ രാജീവ്, അനിൽകുമാർ, എ.എസ്.ഐ താജുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കൊയ്ത്തൂർക്കോണം ഈശ്വരവിലാസം യു.പി സ്കൂളിന് എതിർവശം താമസിക്കുന്ന ഭിന്നശേഷിക്കാരിയായ തങ്കമണിയെ (69) മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലപുരം എസ്.ഐ രാജീവും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.