
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 2021 നവംബർ എട്ടിനു ശേഷമുള്ള സ്ഥിരം നിയമനങ്ങൾ തടയുന്ന തരത്തിൽ പുറപ്പെടുവിച്ച സർക്കുലറിലെ തുടർനടപടികൾ നിറുത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. നവംബർ 30 ലെ ഉത്തരവിനെതിരെ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ടിരുന്നു.
തുടർന്ന് മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്താനും സർക്കുലറിലെ നടപടികൾ മരവിപ്പിക്കാനും മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. അസോസിയേഷനുകളുമായി ഡയറക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സർക്കുലറിലെ നടപടികൾ നിറുത്തിവയ്ക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതു വരെ 2021 നവംബർ എട്ടിനു ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിലേ മാത്രമേ പാടുള്ളൂ
എന്നായിരുന്നു ഡയറക്ടറുടെ സർക്കുലർ ദിവസവേതനാടിസ്ഥാനത്തിലല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കിനൽകാനും നിർദേശമുണ്ടായി. ഇതോടെ, 2021 നവംബർ എട്ടിനു ശേഷം നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർ പ്രതിസന്ധിയിലായിരുന്നു.
1,255 കോടിയുടെ
കടപ്പത്രം
പുറപ്പെടുവിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1,255 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 17ന് റിസർവ് ബാങ്കിന്റെ മുംബയ് ഫോർട്ട് ഓഫീസിൽ ഇ കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്1/505/2024ഫിൻ. തിയതി 12.12.2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കണം.
സംസ്കൃതം സെമിനാർ ഗവർണർഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സംസ്കൃത സെമിനാർ ഉദ്ഘാടനം ചെയ്യാൻ 17ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാലയിലെത്തും. ചാൻസലറായ അദ്ദേഹം ആദ്യമായാണ് സർവകലാശാലയിലെത്തുന്നത്. സെനറ്റ് ഹാളിലാണ് ഉദ്ഘാടന ചടങ്ങ്. 17മുതൽ 19വരെയാണ് സെമിനാർ.