
തിരുവനന്തപുരം: തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വമ്പിച്ച നേട്ടമുണ്ടായെന്ന വാർത്ത തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യു.ഡി.എഫിന് 17 സീറ്റും എൽ.ഡി.എഫിന് 11ഉം ബി.ജെ.പിക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്. അതിൽ മൂന്ന് സീറ്റ് യു.ഡി.എഫ് അംഗങ്ങൾ മാറിയതിന്റെ ഫലമായി ഉപതിരഞ്ഞെടുപ്പ് നടന്നതാണ്. അത് അവർ തിരിച്ചുപിടിക്കുകയായിരുന്നു. അതും എൽ.ഡി.എഫിന്റെ അക്കൗണ്ടിൽ കൂട്ടിയാണ് യു.ഡി.എഫിന് അനുകൂലമായി പർവതീകരിച്ച് കാണിക്കുന്നത്.
സർക്കാരിനെതിരായ തരംഗമാണ് പ്രതിഫലിച്ചതെന്ന പ്രചാരണവും തെറ്റാണ്. മൂന്ന് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത് പരിശോധിക്കും. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നു. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യ ദിവസം താൻ സംസാരിച്ചിരുന്നില്ല. എന്നാൽ, സംസാരിച്ചതായി വാർത്ത നൽകി. പാർട്ടിയെ മാദ്ധ്യമങ്ങൾ സഹായിക്കേണ്ട. സാമാന്യ മര്യാദ പാലിക്കണം. ഇനി വരാനിരിക്കുന്ന സമ്മേളനങ്ങളിൽ മാദ്ധ്യമങ്ങൾ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്റെ സൂചനയാണിതെന്നാണ് കരുതുന്നത്.
സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നു. സർവകലാശാല യൂണിയനുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പാളയം ഏരിയ സമ്മേളനത്തിന് റോഡിൽ വേദി കെട്ടിയ സംഭവം കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും പറഞ്ഞു.