തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആചാരപരമായ ചടങ്ങുകൾക്ക് ഗാർഡ് ഒഫ് ഓണർ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാർ . ഇത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ശ്രീവരാഹം കുന്നാണ്ടൻ ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഗാർഡ് ഒഫ് ഓണർ നൽകില്ലെന്ന തീരുമാനം പുന:പരിശോധിക്കണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട,ആറാട്ട് ചടങ്ങുകൾക്ക് നൽകിവരുന്ന ഗാർഡ് ഒഫ് ഓണർ അനുവദിക്കുന്നില്ലെന്നത് അംഗീകരിക്കാനാവുന്നതല്ല. പത്മനാഭപുരത്ത് നിന്ന് എഴുന്നള്ളിക്കുന്ന നവരാത്രി വിഗ്രഹങ്ങൾ കേരളാതിർത്തിയിൽ സ്വീകരിക്കുന്നതും ഗാർഡ് ഒഫ് ഓണർ നല്‍കിയാണ്. രാജഭരണകാലം മുതൽ പിന്തുടർന്നുപോരുന്ന നവരാത്രി ആഘോഷം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.