
വിഴിഞ്ഞം: പ്രതിഭാശാലിയായ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അയ്യങ്കാളിയുടെ ജന്മസ്ഥലമായ മുക്കോല പെരുങ്കാറ്റുവിളയിൽ സി.പി.എം നേതൃത്വത്തിൽ നിർമ്മിച്ച അയ്യങ്കാളി സ്‌മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ പോരാട്ടങ്ങളും സമരങ്ങളും ഇനിയും തുടരേണ്ടതുണ്ടെന്നാണ് വർത്തമാനകാല സംഭവങ്ങളും പ്രതികരണങ്ങളും നമ്മേ ബോദ്ധ്യപ്പെടുത്തുന്നത്. മനുസ്‌മൃതിക്കും ചാതുർവർണ്യവ്യവസ്ഥിതിക്കുമെതിരെ അയ്യങ്കാളി തുടങ്ങിവച്ച പോരാട്ടം തുടരേണ്ട സ്ഥിതിയാണ്. സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും ജാതീയത പ്രശ്‌നമായി നിൽക്കുകയാണ്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ നടക്കുന്ന ജാതീയ കോപ്രായങ്ങൾ കാണുമ്പോൾ അശ്ലീലം എന്ന പദമാണ് ഉപയോഗിക്കാൻ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്മൃതി മണ്ഡപത്തിനായി സ്ഥലം വിട്ടു നൽകിയ അയ്യങ്കാളിയുടെ പിൻമുറക്കാരൻ മധുസൂദനനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി വി.ജോയി അദ്ധ്യക്ഷനായി.ആനാവൂർ നാഗപ്പൻ, ടി.എൻ.സീമ, ബി.പി.മുരളി, പി.എസ്.ഹരികുമാർ, വണ്ടിത്തടം മധു, പി.രാജേന്ദ്രകുമാർ,എസ്.അജിത്ത് എന്നിവർ സംസാരിച്ചു.