തിരുവനന്തപുരം: ആറ്റിപ്ര,കുളത്തൂർ,പൗണ്ട് കടവ് വാർഡുകളിലൂടെ കടന്നുപോകുന്ന അരശുംമൂട് – കുഴിവിള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പൊതുമരാമത്ത് – ജലഅതോറിട്ടി ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 2018ലാണ് സ്വീവേജ് ലൈനിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് ജലഅതോറിട്ടിക്ക് റോഡ് കൈമാറിയത്. എന്നാൽ ഇപ്പോൾ കാൽനടയാത്ര പോലും അസാദ്ധ്യമാകുംവിധം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നാണ് പരാതി.
കരാർ കമ്പനിയുടെ അനാസ്ഥ കാരണമാണ് നിർമ്മാണം വൈകിയതെന്ന് ജലഅതോറിട്ടി പറയുന്നു. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി മേയ് 8ന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അതോറിട്ടി വ്യക്തമാക്കി. എന്നാൽ അതോറിട്ടി സ്ഥാപിച്ച മാൻഹോളുകളിൽ നിന്ന് വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെന്നും ജലഅതോറിട്ടിയുടെ പണികൾ പൂർത്തിയായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് സംയുക്ത പരിശോധനയ്ക്ക് കമ്മിഷൻ ഉത്തരവിട്ടത്. രണ്ട് വകുപ്പുകളും നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കേസ് ജനുവരി 16ന് പരിഗണിക്കും.