
ഹൈദരാബാദ്: പുഷ്പയുടെ ആദ്യഭാഗത്തോടെ ഇന്ത്യയൊട്ടാകെ ആരാധാകരെ നേടിയ അല്ലു അർജ്ജുൻ രണ്ടാം ഭാഗത്തിലൂടെ കളക്ഷൻ റെക്കാഡുകൾ പഴങ്കഥയാക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെ വരെ പുഷ്പ 2ന്റെ കളക്ഷൻ 726.25 കോടി രൂപയാണ്. ആയിരം കോടിയും കടക്കുമെന്നുറപ്പാണ്.
പ്രതിഫലവും ലാഭവിഹിതമുൾപ്പെടെ പുഷ്പ 2 അല്ലുവിന് 300 കോടി നേടി കൊടുത്തുവെന്നാണ് കണക്ക്.
സൂപ്പർ താരം ആകുന്നതിനു മുമ്പുതന്നെ അല്ലു അർജ്ജുൻ മലയാളികൾക്ക് സുപരിചിതനാണ്. 2004ൽ അദ്ദേഹം നായകനായി അഭിനയിച്ച ആര്യയുടെ മലയാളം പതിപ്പ് ഇവിടെ വൻ ഹിറ്റായിരുന്നു. നിർമ്മാതാവ് ഖാദർ ഹസ്സനാണ് അദ്ദേഹത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. പുഷ്പയുടെ സംവിധായകൻ സുകുമാർ തന്നെയായിരുന്നു ആര്യയും ഒരുക്കിയത്.
മൊഗാതാരം ചിരഞ്ജീവിയുടേയും ആന്ധ്ര ഉപമുഖ്യമന്ത്രിയും അഭിനേതാവുമായ പവൻ കല്യാണിന്റേയും അനന്തരവനാണ് അല്ലു അർജ്ജുൻ. ചിക്കടപ്പള്ളി പൊലീസ് അർജ്ജുനെ കസ്റ്റഡിയിലെടുത്തുവെന്ന് അറിഞ്ഞ ഉടൻ ചിരഞ്ജീവിയും ഭാര്യ സുരേഖയും വീട്ടിലെത്തി.
അന്ന്സംഭവിച്ചത്
ഭർത്താവ് മൊഗഡാൻപള്ളി ഭാസ്‌കറിനും മകൻ ശ്രീതേജിനും ഒപ്പം ഇളയമകൾ സാൻവിക്കും ഒപ്പമാണ് രേവതി ബുധനാഴ്ച രാത്രി 11ന് തിയേറ്ററിൽ എത്തിയത്. മകൾ സാൻവി കരഞ്ഞപ്പോൾ കുട്ടിയെ തിയേറ്ററിന് അടുത്തുള്ള ബന്ധുവീട്ടിൽ ആക്കുവാൻ ഭാസ്‌കർ പോയി. ഈ സമയത്താണ് പ്രീമിയർ കാണാനായി അല്ലു അർജ്ജുൻ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. മകനെ തിരക്കിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീതേജിന് ഗുരുതരമായി പരിക്കു പറ്റി.
രേവതിയുടെ കുടുംബത്തിന് അല്ലു അർജ്ജുൻ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ സംഭവത്തിൽ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീതേജിന്റെ എല്ലാ ചികിത്സാ ചെലവും ഏറ്റെടുക്കാൻ തയ്യാറാണെന്നും താരം അറിയിച്ചിരുന്നു.
രാഷ്ട്രീയചേരിയിൽ
ചേരാതെ അല്ലു
ഹൈദരാബാദ്: ബന്ധുക്കളിൽ പലരും സജീവമായി രാഷ്ട്രീയ പാർട്ടിൽ പ്രവർത്തിക്കുകയോ ശക്തമായ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യുമ്പോഴും അല്ലു അർജ്ജുൻ ഒരു പാർട്ടിയുടേയും വക്താവായിരുന്നില്ല.
തെലങ്കാനയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനു വേണ്ടി അല്ലു രംഗത്തിറങ്ങുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ആന്ധ്രയിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ നന്ദ്യാലയിലെ വൈ.എസ്.ആർ.സി.പി സ്ഥാനാർത്ഥി രവിചന്ദ്ര കിഷോർ റെഡ്ഢിക്ക് വേണ്ടി അല്ലു പ്രചാരണത്തിനെത്തിയിരുന്നു.
'ഞാൻ തനിച്ചാണ് ഇവിടെ വന്നത്, എന്റെ സുഹൃത്തുക്കൾക്കിടയിൽ, അവർ ഏത് മേഖലയിലാണെങ്കിലും, അവർക്ക് എന്റെ സഹായം ആവശ്യമെങ്കിൽ ഞാൻ അവരെ സഹായിക്കും. ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നു എന്നല്ല ഇതിനർത്ഥം''. എന്നാണ് അന്ന് അല്ലു അർജുൻ വ്യക്തമാക്കിയത്. കുടുംബാംഗങ്ങൾ
പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമ്പോഴായിരുന്നു എതിർചേരിയിലുള്ള വൈ.എസ്.ആർ.സി.പിക്കു വേണ്ടി അല്ലു എത്തിയത്