photo

നെടുമങ്ങാട്: മുനിസിപ്പൽ ടൗൺ ഹാൾ മന്ദിരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് റീസർവേ ക്യാമ്പ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ ജീവനക്കാരൻ ചുള്ളിമാനൂർ വഞ്ചുവം സ്വദേശി മുഹമ്മദ് ജിതിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺഹാൾ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ കാറിന് കേടുപാട് വരുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് അക്രമികൾ മുഹമ്മദ് ജിതിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. വനിതാ ജീവനക്കാരുടെ മുന്നിൽ അസഭ്യം വിളിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിന്റെ സിസി ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു.അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.