തിരുവനന്തപുരം: രാവിലെ 9ന് തന്നെ ടാഗോർ തീയേറ്ററിന് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷത്തെ ചലച്ചിത്രോത്സവത്തിലെ ആദ്യ സിനിമ കാണാനുള്ള നിര. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ പ്രേമികൾ നേരെ എത്തിയത് പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ. ഡെലിഗേറ്റ് പാസ് കൈപ്പറ്റുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നതിനാൽ തിക്കും തിരക്കും തീരെ കുറവ്.
ടാഗിൽ ഐ.ഡി കാർഡ് കൊരുത്തിട്ട് കഴുത്തിലും തോൾസഞ്ചി തോളിലുമണിയുന്നു. ഇവിടെ സിനിമാ തീർത്ഥാടനം തുടങ്ങുകയായി. 29-ാമത് ഫിലിം ഫെസ്റ്റിവലാണ് ഇന്നലെ തുടങ്ങിയത്. 'തീർത്ഥാടന"ത്തിനെത്തിയവരിൽ കന്നിക്കാർ മുതൽ 18ലേറെ തവണ ഫിലിമോത്സവം കണ്ട സീനിയർ തീർത്ഥാടകർ വരെയുണ്ട്. തലസ്ഥാനം ഇന്നലെ മുതൽ 'ഫിലിംസ്ഥാൻ" ആയിക്കഴിഞ്ഞിരുന്നു. ഉദ്ഘാടനചിത്രമായ'ഐ ആം സ്റ്റിൽ ഹിയർ" ഉൾപ്പെടെ 11 സിനിമകൾ ആറ് തിയേറ്ററുകളിലായി പ്രദർശിപ്പിച്ചു. രാവിലെ 9.30 മുതൽ തുടങ്ങിയ പ്രദർശനങ്ങൾ മിക്കതും ഹൗസ് ഫുൾ.ഉദ്ഘാടനച്ചടങ്ങിനു ശേഷമായിരുന്നു ആദ്യചിത്രത്തിന്റെ പ്രദർശനം.