
തിരുവനന്തപുരം: സ്കൂൾ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകൾ ചോർന്നത് പൊലീസ് അന്വേഷണത്തിലേക്ക്. ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാതി നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സിയുടെ ഇംഗ്ലീഷ്, പ്ലസ് വണിലെ മാത്തമാറ്റിക്സ് പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.
ഗൗരവമുള്ള സംഭവമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. വകുപ്പുതല നടപടിയെക്കുറിച്ച് ആലോചിക്കാൻ നാളെ ഉന്നതതല യോഗം ചേരും. അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.
ചോദ്യപേപ്പർ
തയ്യാറാക്കൽ
 പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് പരീക്ഷയുടെ രണ്ട് സെറ്റ് ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടി വർക്ക്‌ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്. ഒരു സെറ്റ് തിരഞ്ഞെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള പ്രസിൽ പ്രിന്റ് ചെയ്ത് അവർ മുഖേന ജില്ലാ കേന്ദ്രങ്ങളിലെത്തിക്കും. പ്രിൻസിപ്പൽമാർ കളക്ട് ചെയ്യും
 പത്ത്,ഒൻപത്, എട്ടു ക്ലാസിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ ഡയറ്റാണ് തയ്യാറാക്കുന്നത്. ഒന്ന് തിരഞ്ഞെടുത്ത് എസ്.എസ്.കെ വഴി പ്രസിലേക്ക് അയയ്ക്കും. പ്രസിൽ നിന്നു ബി.ആർ.സികളിലേക്കും അവിടെ നിന്ന് സ്‌കൂളുകളിലേക്കും പോകും
 ഒന്നു മുതൽ ഏഴാം ക്ലാസുവരെയുള്ള പരീക്ഷാപേപ്പർ എസ്.എസ്.കെ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച്
തയ്യാറാക്കുന്നു. ഒന്ന് തിരഞ്ഞെടുത്ത് പ്രസിലേക്ക് അയയ്ക്കും. പ്രിന്റ് ചെയ്ത് ബി.ആർ.സികളിലേക്ക് വിതരണം ചെയ്യും
പൊതുപരീക്ഷകൾക്ക്
ഹയർ സെക്കൻഡറി രണ്ടാംവർഷത്തിന് അഞ്ചും എസ്.എസ്.എൽ.സിക്ക് നാലും സെറ്റ് ചോദ്യപേപ്പറുകളാണ് തയ്യാറാക്കുന്നത്. പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസിൽ പ്രിന്റ് ചെയ്ത് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ഡി.ഇ.ഒ. ഓഫീസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കും എത്തിക്കും.