തിരുവനന്തപുരം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ 2023-24ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്കിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടു. നിർമ്മാണ,കാർഷിക,കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ വരുമാനം നേടുന്നതായാണ് റിപ്പോർട്ട്. ദേശീയ ശരാശരിയായ 417രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894രൂപ പ്രതിദിന വേതനം നേടുന്നു. കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807രൂപ സമ്പാദിക്കുന്നു,ഇത് ദേശീയ ശരാശരിയായ 372രൂപയേക്കാൾ കൂടുതലാണ്. ദേശീയ ശരാശരിയായ 371രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കർഷകേതര തൊഴിലാളികൾ പ്രതിദിനം 735രൂപ സമ്പാദിക്കുന്നു.