accident

കുത്തനെയുള്ള ഇറക്കത്ത് കൊടുംവളവു കൂടി വന്നാൽ അപകട സാദ്ധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ സിഗ്‌നലോ മുന്നറിയിപ്പ് ബോർഡുകളോ സ്‌പീഡ് ബ്രേക്കറുകളോ സ്ഥാപിക്കേണ്ടത് റോഡ് അധികൃതരുടെ ഉത്തരവാദിത്വമാണ്. പനയമ്പാടത്ത് നാല് വിദ്യാർത്ഥിനികളുടെ മരണം നടന്നത് ഇതുപോലൊരു കൊടുംവളവിലാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പനയമ്പാടത്ത് ഉണ്ടായ വിവിധ അപകടങ്ങളിൽ പൊലിഞ്ഞത് 12 ജീവനുകളാണ്. നൂറോളം അപകടങ്ങളും നടന്നു. എന്നിട്ടും ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല! അപകടം നിത്യസംഭവമായതോടെ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ആറുമാസം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ദേശീയപാതാ വിഭാഗം അനങ്ങിയില്ല. അശാസ്‌ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്കു കാരണമെന്ന് നിരവധി പരാതികൾ ഉണ്ടായിട്ടും കാര്യമായ പരിശോധനയൊന്നും നടത്തിയതുമില്ല.

അധികൃതരുടെ അലംഭാവമാണ് റോഡിൽ ഇത്രയധികം അപകടങ്ങൾ ഉണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന്. സമയത്ത് റോഡുകളുടെ അറ്റകുറ്റപ്പണി തീർത്താൽത്തന്നെ അപകടങ്ങളുടെ നിരക്ക് കുറയാനാണ് സാദ്ധ്യത. പനയമ്പാടത്ത് കയറ്റം ഒഴിവാക്കുകയും വളവ് നിവർത്തുകയും ചെയ്ത‌ാലേ അപകടങ്ങൾക്ക് പരിഹാരമാകൂ എന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്. ഇക്കാര്യം ഗൗരവമായി കണക്കിലെടുത്ത് ദേശീയപാതാ അതോറിട്ടി ശാശ്വതമായ പരിഹാര മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. പരീക്ഷയ്ക്ക് സ്‌കൂളിലേക്കു പോയ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നീ നാലു കുട്ടികളുടെ ചേതനയറ്റ ശരീരമാണ് വീട്ടിൽ തിരിച്ചെത്തിയത്. ആ വീട്ടുകാരുടെ ദുഃഖത്തിന് പകരം നൽകാൻ ഒന്നുകൊണ്ടും ആവില്ല. എന്നാലും നഷ്ടപരിഹാരം ഉൾപ്പെടെ എല്ലാ ആശ്വാസ നടപടികളും സർക്കാർ സ്വീകരിക്കേണ്ടതാണ്. ഇന്നലെ തിരുവനന്തപുരം ജില്ലയിലും സ്‌കൂൾ കുട്ടികളുമായി പോയ രണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നെടുമങ്ങാട്ടെ കൈരളി വിദ്യാഭവനിലെ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 12 കുട്ടികൾക്കും,​ പോത്തൻകോട് സെന്റ് തോമസ് സ്‌കൂളിൽ നിന്ന് കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു കുട്ടികൾക്കുമാണ് പരിക്കേറ്റത്.

സ്‌‌കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്ന രക്ഷിതാക്കൾ,​ അവർ തിരികെയെത്തുന്നതുവരെ ഭയപ്പാടോടെയും ഉത്കണ്ഠയോടെയും കഴിയേണ്ട സാഹചര്യമാണ്. കേരളത്തിൽ ഈ വർഷം സെപ്തംബർ വരെ റോഡപകടങ്ങളിൽ 2843 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 36,561 റോഡപകടങ്ങളാണ് ഉണ്ടായത്. കോടികൾ ചെലവാക്കി എ.ഐ ക്യാമറകൾ വച്ചിട്ടും അപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല. റോഡപകടങ്ങളിൽ വഴിയാത്രക്കാർ മരണമടയുന്നതും കൂടി വരികയാണ്. തിരുവനന്തപുരത്ത് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞു മരിച്ചത് ഈ മാസമായിരുന്നു. അതിനു പിന്നാലെ,​ റോഡിൽ വീണ ഭിന്നശേഷിക്കാരിയായ ഉദ്യോഗസ്ഥയ്ക്കും ബസ് കയറിയിറങ്ങി ജീവൻ നഷ്ടപ്പെട്ടു,​ ദാരുണമായ റോഡപകടങ്ങളുടെ വാർത്ത വരാത്ത ഒരു ദിവസവും ഇല്ലെന്നായിരിക്കുന്നത് ദുഃഖകരമാണ്.

റോഡപകടങ്ങളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും മോശം റെക്കാഡ് ഉള്ള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പാർലമെന്റിൽ വെളിപ്പെടുത്തുകയുണ്ടായി. അമിത വേഗതയും അശ്രദ്ധയും മദ്യപിച്ചുള്ള വാഹനമോടിക്കലും മറ്റും അപകടങ്ങൾക്ക് കാരണമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഘടകം തന്നെയാണ് അശാസ്‌ത്രീയമായ റോഡ് നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ. ചെറിയ ട്രാഫിക് തെറ്റുകളുടെ പേരിൽ റോഡിൽ വഴക്കടിക്കുന്ന ഒരു സംസ്കാരമാണ്,​ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ഭൂരിപക്ഷം പേരും കാണിക്കുന്നത്. ഇത് മാറേണ്ടതാണ്. സ്‌കൂൾ തലം മുതൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ശീലമാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയൊരു ട്രാഫിക് സംസ്‌കാരം ആവശ്യമാണ്.