
ശിവഗിരി: ഗുരുദേവ കടാക്ഷം തേടിയെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ശിവഗിരി തീർത്ഥാടന ദിനങ്ങൾ ഇക്കൊല്ലവും ജനുവരി അഞ്ച് വരെ തുടരും. തിക്കുംതിരക്കും ഒഴിവാക്കി തീർത്ഥാടകർക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായാണ് തീർത്ഥാടന പരിപാടികൾ കാലേകൂട്ടി ആരംഭിക്കുന്നത്.
ഇന്നു മുതൽ 29വരെ പ്രഭാഷണങ്ങളും വിശേഷാൽ സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. 16ന് രാവിലെ 10ന് മഹാകവി കുമാരനാശാൻ ദേഹവിയോഗശതാബ്ദി സമ്മേളനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. 17ന് രാവിലെ 10ന് സ്വാമിശാരദാനന്ദയുടെ അദ്ധ്യക്ഷതയിൽ സ്വാമി ബോധേന്ദ്രതീർത്ഥ പ്രഭാഷണം നടത്തും. 18ന് രാവിലെ 10ന് സ്വാമി ധർമ്മചൈത്യന്യയുടെ അദ്ധ്യക്ഷതയിൽ സ്വാമി ത്യാഗീശ്വരനും സാഹിത്യകാരൻ ജയചന്ദ്രൻ പനയറയും പ്രഭാഷണങ്ങൾ നടത്തും. 19ന് രാവിലെ 10ന് സ്വാമി വിശാലാനന്ദയുടെ അദ്ധ്യക്ഷതയിൽ പ്രൊഫ.ചന്ദ്രബോസിന്റെ പ്രഭാഷണം. 20ന് രാവിലെ 10ന് സ്വാമി സാന്ദ്രാനന്ദയുടെ അദ്ധ്യക്ഷതയിൽ അനിലഅജുവും മോഹനൻ നായരും പ്രഭാഷണങ്ങൾ നടത്തും.
23ന് രാവിലെ 10ന് പ്രകൃതിയും മനുഷ്യനും എന്ന ചർച്ചയിൽ ജേക്കബ് വടക്കഞ്ചേരിയും ഗുരുദർശന രഘനയും പ്രഭാഷണങ്ങൾ നടത്തും. ഡോ.കെ.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ 10ന് സ്വാമി സത്യാനന്ദ തീർത്ഥയുടെ അദ്ധ്യക്ഷതയിൽ സ്വാമി സന്ദീപാനന്ദഗിരി ഗുരുദേവദർശനവും ആധുനികസമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 20 മുതൽ വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
പ്രാർത്ഥന അനുഷ്ഠിക്കണം
ശിവഗിരി: ശിവഗിരിമഠം രൂപം കൊടുത്ത ഉപാസനാ സമ്പ്രദായമായ തിരുഅവതാര മുഹൂർത്ത പ്രാർത്ഥന എല്ലാ ഗുരുഭക്തരും അനുഷ്ഠിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദിവസവും രാവിലെ കുളി കഴിഞ്ഞ് 6 മുതൽ 6.30 വരെ ജപം, പ്രാർത്ഥന, ധ്യാനം എന്നീ ചടങ്ങുകളിൽ ഏർപ്പെടണം. ഗുരുദേവന്റെ തിരുഅവതാര സമയം രാവിലെ 6.15 എന്നാണ് ശിവഗിരി കണക്കാക്കിപ്പോരുന്നത്. ദിവസവും രാവിലെ 6ന് ശിവഗിരി മഹാസമാധിയിൽ നടക്കുന്ന തിരുഅവതാര മുഹൂർത്ത പ്രാർത്ഥനയിൽ ഗുരുഭക്തർക്ക് പങ്ക് ചേരാവുന്നതാണ്.
ശിവഗിരിയിൽ ഇന്ന്
പുലർച്ചെ 4.30ന് ശാന്തിഹവനം (പർണ്ണശാല), 5ന് വിശേഷാൽ പൂജ ( ശാരദാമഠം), 5.30ന് വിശേഷാൽ ഗുരു പൂജ (മഹാസമാധിപീഠം), 6ന് മഹാസമാധിയിൽ തിരുഅവതാര മുഹൂർത്ത പ്രാർത്ഥന. 9ന് തുറവൂർ ഗുരുപ്രസന്നയും സംഘവും നയിക്കുന്ന ഭക്തിഗാന സദസ്. 10ന് തീർത്ഥാടനകാലസമ്മേളനം. ഉദ്ഘാടകനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അദ്ധ്യക്ഷൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അനുഗ്രഹ പ്രഭാഷണം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.