
നെയ്യാറ്റിൻകര: അതിയന്നൂർ പാറേക്കുളം കാടുകയറി നശിക്കുന്നു. അതിയന്നൂർ, ശബരിമുട്ടം വാർഡിലെ പാറേക്കുളം കാടുകയറിയ അവസ്ഥയിയാണ്. കുളം നിറയെ പായലും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. നൂറോളം വർഷം പഴക്കമുള്ള പാറേക്കുളം കഴിഞ്ഞ 30 വർഷമായി നവീകരണങ്ങളോ ശുചീകരണമോ നടത്താൻ അതിന്നൂർ പഞ്ചായത്തിനായിട്ടില്ല. ഒന്നര ഏക്കറിലധികം വരുന്ന കുളത്തിന്റെ നാല് അതിരുകളിലും ചുറ്റുമതിലുകൾ ഇല്ലാത്തതിനാൽ മണ്ണിടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്.
ചിലർ കൈയേറ്റം നടന്നതായും ആക്ഷേപമുണ്ട്. ആണ്ടുതോറും സെന്റ് ആന്റണീസ് ദേവാലായത്തിൽ വരുന്ന തീർത്ഥാടകർ ഈ കുളത്തിലെ വെള്ളം കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഇപ്പോൾ ജലം മലിനമായതിനാൽ ഉപയോഗിക്കുന്നില്ല. വർഷങ്ങൾക്കു മുമ്പ് തനത് ഫണ്ടിൽ നിന്ന് 16 ലക്ഷംരൂപ കുളം നവീകരണത്തിന് അനുവദിച്ചെങ്കിലും നിർമ്മാണപ്രവൃത്തികൾ നടത്താതെ ഫണ്ട് ലാപ്സ് ആവുകയായിരുന്നു.
നടപടിയെടുക്കാതെ
പാറേക്കുളത്തിലെ ജലം മലിനമാകുന്നതിനാൽ സമീപത്തെ കിണറിലെ വെള്ളവും മലിനപ്പെടുന്നതായി പരാതിയുണ്ട്. കുളം നവീകരിക്കാൻ പലപ്രാവശ്യം പഞ്ചായത്തധികാരികളോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. മൂന്ന് വർഷങ്ങൾക്ക്മുൻപ് കുളം നവീകരിക്കുന്നതിലേക്കായി 8 ലക്ഷം രൂപ വീണ്ടും അനുവദിച്ചെങ്കിലും പഞ്ചായത്തുകാർ തുടർനടപടികളൊന്നും എടുത്തില്ല.
പകർച്ചവ്യാധി ഭീഷണിയും
കുളത്തിൽ മലിനവസ്തുക്കൾ നിറഞ്ഞിരിക്കുന്നതിനാൽ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. വർഷങ്ങൾക്ക്മുൻപ് യുവാക്കൾ നീന്തൽമത്സരം നടത്തിയിരുന്ന കുളമായിരുന്നു ഇത്. ഈ കുളത്തിൽനിന്ന് മുൻപ് ശുദ്ധജല പദ്ധതിക്കായി ജലമെടുത്തിരുന്നു. ഇപ്പോൾ കുളത്തിനരികെ സാമൂഹിക വിരുദ്ധശല്യമുള്ളതിനാൽ നാട്ടുകാർക്ക് അതുവഴി പോകാനാകാത്ത അവസ്ഥായാണുള്ളത്.
മുൻപ് പൊലീസും എക്സൈസ് ഓഫീസർമാരും പരിശോധന നടത്തിയിരുന്നു. ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ല.
കൃഷിയിടത്തിലേക്കും ജലമെടുക്കാനാവില്ല
ഈ കുളത്തിൽ നിന്നാണ് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് വെള്ളമെടുക്കുന്നത്. അശുദ്ധജലമായതിനാൽ കൃഷിയിടത്തിലും ജലമെടുക്കാനാകാത്ത അവസ്ഥയിലാണ് കൃഷിക്കാർ. ചുറ്റുപാടുമുള്ള 8, 9 ഏക്കർവരെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ശ്രോതസായിരുന്നു ഇത്. എന്നാൽ ജലം മലിനമായതിനാൽ ആരും ഉപയോഗിക്കുന്നില്ല.