f

ഇന്ത്യയോളം അത്ഭുതപ്പെടുത്തിയ മറ്റൊരു രാജ്യമില്ല. മഹാത്മാഗാന്ധിയുടെയും അരബിന്ദോയുടെയും കഥകൾ കാലിഫോർണിയയിൽ ജനിച്ചുവളർന്ന എനിക്ക് ഇന്ത്യയെക്കുറിച്ചുള്ള മമത വർദ്ധിപ്പിച്ചു. ഇന്ത്യയിൽ എല്ലാവർക്കും സിനിമ അറിയാം. പ്രത്യേകിച്ച് കേരളീയർക്ക്. സിനിമ കണ്ട് മറക്കുന്നവരല്ല, ഓരോ സിനിമയിലും അവനവനെ തെരയുന്നവരാണ് കേരളീയർ. 29-ാമത് ഐ.എഫ്.എഫ്.കെയിൽ ഇന്റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിൽ മത്സരിക്കുന്ന അണ്ടർഗ്രൗണ്ട് ഓറഞ്ച്(ബാജോ നാരഞ്ച) എന്ന ചിത്രത്തിന്റെ സംവിധായകൻ മൈക്കിൾ ടെയ്ലർ ജാക്സൺ കേരളകൗമുദിയോട് സംസാരിക്കുന്നു...

ആദ്യ ചിത്രം അന്താരാഷ്ട്ര

മത്സരവിഭാഗത്തിലെത്തി..?

സന്തോഷത്തേക്കാൾ അഭിമാനമുണ്ട്. കാലിഫോർണിയയിൽ നിന്നുമൊരു സഞ്ചാരി അർജന്റീനയിൽ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ജന്മനാടായ മോണ്ടെറി പിടിച്ചെടുത്ത കടൽക്കൊള്ളക്കാരന് ആദരം അർപ്പിക്കാനാണ് അയാളെത്തുന്നത്. രാജ്യം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നതിന്റെ ഇരുണ്ടവശം,അമേരിക്കക്കാരുടെയും സമ്പന്നരുടെയും വെള്ളക്കാരുടെയും പ്രിവിലേജുകൾ എന്നിവ ചിത്രത്തിൽ ചർച്ചചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ 25 ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഏഷ്യയിൽ പ്രദർശിപ്പിക്കുന്നത്. മെസിയെ ഇഷ്ടപ്പെടുന്ന കേരളീയർ എന്റെ സിനിമ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്താണ് അണ്ടർഗ്രൗണ്ട് ഓറഞ്ച്?

1970കളിൽ യു.എസ് ഇംപീരിയലിസത്തെ ചെറുക്കുന്നതിന് പൊട്ടിപ്പുറപ്പെട്ട മിലിറ്റന്റ് സംഘത്തിലെ സ്ത്രീകൾ മുടി ഓറഞ്ച് നിറത്തിൽ പെയിന്റ് ചെയ്തിരുന്നു. ആ നിറം അന്ന് അറിയപ്പെട്ടത് അണ്ടർഗ്രൗണ്ട് ഓറഞ്ചെന്നാണ്.ക്വിയർ ഐഡന്റിറ്റിയെക്കുറിച്ച്. രണ്ട് സ്ത്രീകൾ ചുംബിക്കുന്നത്,പുരുഷന്മാർ കൈയിൽ നെയിൽപോളിഷിടുന്നത്, ഇതൊക്കെ തെറ്റെന്ന് ചിന്തിക്കുന്നവ‌ർ ചിത്രം തീർച്ചയായും കണ്ടിരിക്കണം.

യോഗ പരിശീലിക്കുന്നുണ്ട്?

ഇന്ത്യൻ സംസ്കാരങ്ങളും മൂല്യങ്ങളും ചെറുപ്പം മുതൽ ആകർഷിച്ചിട്ടുണ്ട്. നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്,ജോലി ചെയ്യുന്നത്...ഓഷോ,കൃഷ്ണമൂർത്തി തുടങ്ങിയ തത്വചിന്തകർ കാലിഫോർണിയ സന്ദർശിച്ചിട്ടുണ്ടല്ലോ. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇഷ്ടമാണ്. സിനിമയും ഒരു ക്ഷേത്രമാണെന്നാണ് വിശ്വസിക്കുന്നത്. തിയേറ്ററിലേക്ക് കയറുമ്പോൾ കേൾക്കുന്നത് ദൈവത്തിന്റെ സന്ദേശങ്ങളാണ്. ഗാന്ധാരിയമ്മൻ കോവിലിൽ ഇന്നലെ പോയി. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണം.

മലയാളചിത്രങ്ങൾ കാണാറുണ്ടോ?

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം,അനന്തരം എന്നീ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എത്ര തന്മയത്വത്തോടെയാണ് ഓരോ രംഗങ്ങളും മലയാളസിനിമയിൽ വരച്ചിടുന്നത്. ഇവിടെനിന്ന് ലോകസിനിമയ്ക്ക് ഏറെ പഠിക്കാനുണ്ട്.