പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആസൂത്രണ സമിതിക്കെതിരെ ആരോപണവുമായി എൽ.ഡി.എഫ് . വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ചേർന്ന ആസൂത്രണ സമിതി യോഗത്തിൽ 32 പേരിൽ ഏഴു പേർ മാത്രമാണ് പങ്കെടുത്തതെന്നും ഗതാഗതം, പാർപ്പിടം, തെരുവ് വിളക്കുകൾ തുടങ്ങിയവയെ കുറിച്ച് യാതൊരു നിർദ്ദേശങ്ങളും ഉണ്ടാകാത്തതിനാൽ എൽ.ഡി.എഫ് അംഗങ്ങളായ എസ്.ബി.അരുൺ, നസീറ നസി മുദ്ദീൻ, നീതു സജീഷ്, അംബിക അമ്മ, വിനിത ഷിബു എന്നിവർ യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

അതേസമയം, 2023, 24 സാമ്പത്തിക വർഷത്തിൽ സർക്കാർ നൽകേണ്ട പ്ലാൻ ഫണ്ട് യഥാസമയം നൽകിയിട്ടില്ല . മാത്രമല്ല ട്രഷറി നിയന്ത്രണം വരുത്തുകയും ചെയ്തു.കൂടാതെ ലൈഫ് ഭവനപദ്ധതിയിൽ പഞ്ചായത്ത് നൽകുന്ന ഒരു ഗഡു പഞ്ചായത്ത് നൽകിയെങ്കിലും ബ്ലോക്ക്, ജില്ല ,സർക്കാർ നൽകേണ്ട തുകയും വായ്പയും ഇതുവരെ അനുവദിക്കാതെ ലൈഫ്ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുകയും ചെയ്ത സാഹചര്യമാണ് നിലവിൽ. പാഥേയം പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നൽകേണ്ട തുക ജില്ലാ പഞ്ചായത്തിന് നൽകിയെങ്കിലും തുക നൽകിയിട്ടില്ല. ഇ പി പദ്ധതി പ്രകാരം 80 ഓളം ഭക്ഷ്യക്കിറ്റ് വിതരണം നിലവിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നൽകുന്നത്. ഈ സാഹചര്യം നിലനിൽക്കേ സി.പി.എം മെമ്പർമാർ നടത്തുന്ന സമരം അപഹാസ്യമാണെന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും, വൈസ് പ്രസിഡന്റ് പി.എസ്.ബാജി ലാലും പറഞ്ഞു.