attingal-police-station

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വനിതാ പൊലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡും കേന്ദ്രമാക്കി പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തം. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾ പങ്കാളികളായി വരുന്ന കേസുകൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇൗ ആവശ്യം ഉയരുന്നത്. കേസുമായി സ്റ്റേഷനിൽ എത്തുമ്പോൾ മൊഴിയെടുക്കാനും ചോദ്യംചെയ്യാനും വനിതാ പൊലീസിന്റെ കുറവ് നന്നേ ബാധിക്കുന്നുണ്ട്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിന്റെ കീഴിൽ നിലവിൽ സ്റ്റേഷന് പുറത്ത് ഷീറ്റുമേഞ്ഞ ഹാളിൽ വനിതാ ഹെൽപ്പ് ലൈൻ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ ദിവസവും ഒരു വനിതാ പൊലീസ് ഡ്യൂട്ടിയിലുണ്ട്. എന്നാൽ നാൾക്കുനാൾ വ‌ർദ്ധിച്ചുവരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഇത്രയും ഉദ്യോഗസ്ഥർ മതിയാവില്ല. സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള കൈയേറ്റങ്ങൾ മുതൽ മോഷണം വരെ നിത്യസംഭവമാണ്. ആറ്റിങ്ങൽ എസ്.എച്ച്.ഒ ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് തുടങ്ങുന്നതിന് നഗരസഭയുടെ അനുമതി തേടിയെങ്കിലും നടപ്പായില്ല.

പിങ്ക് പൊലീസും

7 പൊലീസ് സ്റ്റേഷനുകൾക്കായി ഒരു പിങ്ക് പൊലീസ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ആറ്റിങ്ങലിലെ രണ്ട് ബസ് സ്റ്റാൻഡുകളിൽ രാവിലെയും വൈകിട്ടും ഇവരുടെ സേവനം നിർബന്ധമാണ്. മറ്റ് സമയങ്ങളിൽ പൊതു പരിപാടികൾ ഉണ്ടെങ്കിൽ അവിടെയും പിങ്ക് പൊലീസിന് ഡ്യൂട്ടിയുണ്ടാകും.

 ആറ്റിങ്ങലിനും വേണം

ആറ്റിങ്ങലിൽ ഒരു കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നീ മൂന്ന് സ്റ്റേഷനുകളിലുമായി നാലു വനിതാ പൊലീസുകാർ മാത്രമാണിപ്പോൾ ഡ്യൂട്ടിയിലുള്ളത്. ഇത് തികച്ചും അപര്യാപ്തമാണ്. വനിതാപൊലീസിന്റെ സേവനം വേണമെങ്കിൽ കാത്തുനിൽക്കണം. നിലവിൽ ജില്ലയിൽ വർഷങ്ങൾക്കു മുമ്പേ കഴക്കൂട്ടം കേന്ദ്രമാക്കി വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ഇതുപോലെ വർക്കല, ചിറയിൻകീഴ് താലൂക്കുകളുടെ കേന്ദ്രമായ ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഒരു വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചാൽ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.