
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകല്പന ചെയ്യാനുള്ള സൗകര്യം കോളേജുകൾ അട്ടിമറിച്ചതോടെ നാലുവർഷ ബിരുദത്തിന്റെ ലക്ഷ്യം പാളുന്നു. നിലവിലുള്ള അദ്ധ്യാപകരുടെ തൊഴിൽസുരക്ഷയും തസ്കികകളും ഉറപ്പാക്കിയുള്ള ക്രമീകരണമാണ് ഇതിനു കാരണമാകുന്നതെന്നാണ് സൂചന. ഇതിനുവേണ്ടി കോഴ്സുകളുടെ എണ്ണവും ഓപ്ഷനുകളും കുറച്ചു. 150ലേറെ ഓപ്ഷനുകളാണ് നാലുവർഷ ബിരുദ കോഴ്സിന് പരിഗണിച്ചിരുന്നത്. 2500 കുട്ടികളുള്ള കോളേജുകളിൽപ്പോലും 17 ഒപ്ഷനുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒപ്ഷനേ അനുവദിക്കാത്ത കോളേജുകളുമുണ്ട്. ആറ് ഗ്രൂപ്പുകൾ നൽകി അതിൽനിന്ന് ഓരോ വിഷയം മാത്രം ഓപ്ഷനായി തിരഞ്ഞെടുക്കാനാണ് പല കോളേജുകളും നിർദ്ദേശിക്കുന്നത്. ഇതോടെ ഇഷ്ടമുള്ള കോഴ്സ് രൂപകല്പനചെയ്യാനുള്ള സാദ്ധ്യത അടഞ്ഞു.
ആഴ്ചയിൽ 16മണിക്കൂറാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ കൂടിയാൽ അവർ കൂടുതൽ സമയം ജോലിചെയ്യേണ്ടിവരും. കൂടുതൽ സമയം ക്ലാസ് നടത്തണമെങ്കിൽ അനദ്ധ്യാപകർക്കും ജോലിഭാരമേറും. ആവശ്യത്തിന് കുട്ടികളില്ലെങ്കിൽ അദ്ധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. ഭാഷാദ്ധ്യാപകരെയടക്കം കുറയ്ക്കാനാണ് ദേശീയവിദ്യാഭ്യാസ നയത്തിലെ നിർദ്ദേശം. നാലുവർഷത്തേക്ക് ഗസ്റ്റ്അദ്ധ്യാപകരുടേതടക്കം വർക്ക്‌ലോഡ് സംരക്ഷിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പും പരിഗണിക്കപ്പെട്ടില്ല.
കെമിസ്ട്രിക്കൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ, സാഹിത്യവും സംഗീതവും ചേർന്നോ ഏതെങ്കിലും വിഷയം മാത്രമായോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രൂപ്പുകൾ രൂപപ്പെടുത്തിയോ പഠിക്കാമെന്നതായിരുന്നു നാലുവർഷ കോഴ്സിന്റെ മുഖ്യ ആകർഷണം. കോളേജുകൾ ഇഷ്ടവിഷയങ്ങൾ നൽകിയില്ലെങ്കിൽ രണ്ട് ഇഷ്ടവിഷയങ്ങൾ മറ്റേതെങ്കിലും കോളേജുകളിലോ ഓൺലൈനായോ പഠിക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. അതും അനുവദിക്കുന്നില്ല. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗമാണെങ്കിലും മിക്കയിടത്തും അതിനും സൗകര്യമില്ല.
പാളിച്ചകൾ ഇങ്ങനെ
1. വിപുലമായ കോഴ്സുകൾ ചെയ്യാവുന്ന ബാസ്കറ്റ് സംവിധാനം ഇല്ലാതായി
2. കുട്ടികളാവശ്യപ്പെടുന്ന കോഴ്സ് ഘടന എന്ന പ്രഖ്യാപനം ജലരേഖയായി
കോളേജുകളുടെ വാദം
1. വിദ്യാർത്ഥികൾ ഇഷ്ടമുള്ള വിഷയങ്ങളെടുത്താൽ ടൈംടേബിൾ കൃത്യമാവില്ല. അതിനാലാണ് വിഷയങ്ങളുടെ ഗ്രൂപ്പുണ്ടാക്കി അതിൽനിന്ന് ഓപ്ഷൻ അനുവദിക്കുന്നത്.
2. ദിവസം ആറു മണിക്കൂറാണ് ക്ലാസ് നടക്കുന്നത്. ആറ് കോഴ്സ് ഗ്രൂപ്പുകളിൽ നിന്ന് ഓരോവിഷയം മാത്രം ഒപ്ഷനായി തിരഞ്ഞെടുത്താൽ ടൈംടേബിൾ കൃത്യമാവും.
സെമസ്റ്റർ കയറ്റം
ഒന്നാംസെമസ്റ്ററിന്റെ ഫലം വരുംമുൻപേ രണ്ടാംസെമസ്റ്ററിന്റെ രജിസ്ട്രേഷൻ നടത്തണമെന്നാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. രണ്ടാംസെമസ്റ്ററിൽ ആവശ്യക്കാരേറെയുള്ള വിഷയങ്ങൾക്ക് ആദ്യസെമസ്റ്ററിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം രജിസ്ട്രേഷൻ എന്നായിരുന്നു നിബന്ധന. ഈമാസം 22നാണ് ആദ്യ സെമസ്റ്റിന്റെ ഫലംവരുന്നത്. 19നകം രണ്ടാംസെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്!