കല്ലറ: റബർ കർഷകരുടെ ഏറെ പ്രതീക്ഷയുള്ള മാസമായിരുന്നു ഡിസംബർ. പെയ്തിറങ്ങുന്ന മഞ്ഞിൽ റബർ മരങ്ങൾ തങ്ങൾക്കുവേണ്ട പാൽ ചുരത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ മഞ്ഞിനുപകരം മഴ കോരിച്ചൊരിഞ്ഞതോടെ റബർ വറ്റി. ഒപ്പം റബറിന് വില കുറഞ്ഞതും കർഷകർക്ക് ഇരട്ടി പ്രഹരമായി. കിലോയ്ക്ക് 252 വരെ ഉയർന്ന റബർ വില ഒരു മാസത്തിനുള്ളിൽ 190 ലേക്ക് നിലംപൊത്തി.റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് സജീവമാക്കിയവരും മറ്റു ജോലികളിൽനിന്ന് തിരികെ ടാപ്പിംഗ് മേഖലയിലേക്ക് വന്നവരും ദുരിതത്തിലായിരിക്കുകയാണ്. ഇടയ്ക്ക് വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലിയും വർദ്ധിപ്പിച്ചിരുന്നു.
ചില്ലറയല്ല അദ്ധ്വാനം, കിട്ടുന്നതോ...
ഒരു ഹെക്ടറിൽ 450 മരങ്ങൾ കൃഷി ചെയ്യാം. ടാപ്പ് ചെയ്യാൻ ഏഴുവർഷം വളർച്ച വേണം. കുഴികുത്തി നല്ലയിനം തൈ നട്ടുപിടിപ്പിച്ച് കാട് തെളിച്ച് വളമിട്ട് പരിപാലിച്ച് ആദായം എടുക്കുമ്പോൾ മുടക്കുമുതലുമായി ഒത്തുനോക്കിയാൽ നഷ്ടക്കണക്കാണ്. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 200 രൂപയാകും. മഴക്കാലത്ത് ഒരു മരത്തിൽ ഗാർഡ് ഘടിപ്പിക്കുന്നതിന് 50 രൂപ ചെലവാകും. വളത്തിനും ആസിഡിനും വില കൂടി. ഒരു വർഷത്തെ പരിപാലനത്തിന് മാത്രം 1.5 ലക്ഷത്തിലേറെ രൂപയാണ് ചെലവ്.
 റബറിന് പകരം കുരുമുളക്
വില കുറഞ്ഞപ്പോൾ റബർ തോട്ടങ്ങളിൽ കുരുമുളക് പടർത്തിയവരുമുണ്ട്. പല തോട്ടങ്ങളും കാടു കയറി വന്യ ജീവികളുടെ താവളവുമായി. ടാപ്പിംഗ് തൊഴിലാളികൾ തൊഴിൽ ഉപേക്ഷിച്ച് മറ്റു മേഖലകൾ തേടി. എന്നാൽ വില വർദ്ധിച്ചതോടെ ചെറിയ മഴയിലും ടാപ്പിംഗ് നടത്താൻ പല തോട്ടം ഉടമകളും തുടങ്ങി. എന്നാൽ വീണ്ടും മഴയും വില താഴുന്നതും ആശങ്കയിലാക്കുന്നു.