
തിരുവനന്തപുരം: ശൈത്യകാലത്തും തിമിർത്ത് പെയ്ത് തുലാ മഴ. ഫെയ്ഞ്ചൽ ചുഴലിക്കാറ്റും ന്യൂനമർദ്ദങ്ങളുമാണ് മഴ കൂട്ടിയത്. കണക്കുപ്രകാരം ഡിസംബറിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ മൂന്നിരട്ടിയാണ് ഇന്നലെ വരെ ലഭിച്ചത്. 32 മില്ലീ മീറ്റർ മാത്രം ലഭിക്കേണ്ടയിടത്ത് 128 മില്ലീ മീറ്റർ മഴ ലഭിച്ചു. കൂടുതൽ മഴ ലഭിക്കേണ്ടിയിരുന്ന നവംബറിൽ പോലും 116 മില്ലീ മീറ്റർ മാത്രമാണ് പെയ്തത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഡിസംബറിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കടന്നുപോയ രണ്ടു ദിവസങ്ങളിൽ മാത്രം 84 മില്ലീ മീറ്റർ മഴ ലഭിച്ചു.
തണുപ്പ് കുറവ്
ഈ വർഷം ശൈത്യകാലത്തിൽ താപനില കൂടുതൽ കുറയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട പ്രചവനം. കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി ഭാഗമായാണിത്. ഡിസംബറിൽ മഴ തുടരുന്നത് സ്വഭാവികമായി ലഭിക്കേണ്ട തണുപ്പിനെ നഷ്ടപ്പെടുത്തും. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ മഴ വീണ്ടും സജീവമാകും.